കുവൈത്ത് സിറ്റി: സ്ത്രീകളുടെ വിവാഹ ഗൗണുകള്‍, വിവാഹ നിശ്ചയ വസ്ത്രങ്ങള്‍, ക്രിസ്റ്റല്‍ സെറ്റുകള്‍ എന്നിവയടക്കം ലക്ഷങ്ങളുടെ സാധനങ്ങള്‍ മോഷ്ടിച്ച് പ്രവാസി ജീവനക്കാരന്‍ കടന്നു കളഞ്ഞതായി പരാതി.
കുവൈത്തിലാണ് സംഭവം. 16,000 കുവൈത്ത് ദിനാര്‍ (44 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) വിലമതിക്കുന്ന സാധനങ്ങളാണ് മോഷണം പോയത്.
നാല്‍പ്പത് വയസ്സുള്ള കുവൈത്ത് പൗരനാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതനുസരിച്ച് മെയ്ദാന്‍ ഹവല്ലി പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
തന്‍റെ കടയിലെ പ്രവാസി ജീവനക്കാരന്‍ വഞ്ചിച്ചെന്നും വിലപിടിപ്പുള്ള സാധനങ്ങളുമായി കടന്നുകളഞ്ഞെന്നും കുവൈത്ത് പൗരന്‍ പരാതിയില്‍ പറയുന്നു. പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഇയാളോട് സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നും ഇദ്ദേഹം പറയുന്നു.
സ്ത്രീകളുടെ വിവാഹ വസ്ത്രങ്ങളും അനുബന്ധ സാധനങ്ങളുമാണ് മോഷണം പോയത്. പ്രവാസി ജീവനക്കാരന്‍ സ്വന്തം നാട്ടിലേക്ക് കടന്നു കളഞ്ഞേക്കുമോയെന്നും കുവൈത്തി പൗരന് സംശയമുണ്ട്.
ഇയാള്‍ക്കെതിരെ വിശ്വാസ വഞ്ചനയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ പിടികൂടാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
#expatriate #employee #filed #complaint #Kuwait #after #stealing #goods #worth #lakhs #including #women #wedding #dresses