യാംബു: (gccnews.in) വരും ദിവസങ്ങളിലും സൗദിയുടെ കിഴക്കൻ പ്രവിശ്യയിലും റിയാദ്, ഖസീം പ്രവിശ്യകളിലും കനത്ത ചൂട് തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഉയർന്ന താപനിലക്കൊപ്പം ചിലയിടങ്ങളിൽ കാറ്റിനും സാധ്യതയുണ്ട്. റിയാദിലെ കഴിഞ്ഞ ദിവസത്തെ താപനില 48 ഡിഗ്രി സെൽഷ്യസാണ്.
റിയാദ് മേഖലയിലെ മിക്ക ഭാഗങ്ങളിലും 47 മുതൽ 48 വരെ ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയതായും ചില ഭാഗങ്ങളിൽ ഉഷ്ണതരംഗം ബാധിക്കുന്നുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
മക്കയിലും മദീനയിലും പരമാവധി താപനില 43 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ദ
മ്മാമിൽ 47 ഡിഗ്രിയും അൽ അഹ്സയിൽ 44 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്. നജ്റാൻ, ജിസാൻ, അസിർ മേഖലകളുടെ ചില ഭാഗങ്ങളിൽ മിന്നലോട് കൂടിയ മഴയും കാറ്റും രൂപപ്പെടാനുള്ള സാധ്യത വരും ദിവസങ്ങളിലും ഉണ്ടാവുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.
കാറ്റുള്ള പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉണ്ടാവുകയും ദൃശ്യപരത കുറക്കുകയും ചെയ്യും. കടുത്ത ചൂടുള്ള കാലാവസ്ഥ മാറ്റത്തിൽ ആരോഗ്യസുരക്ഷ മുൻകരുതലുകളെടുക്കാൻ ആരോഗ്യ മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് സൂര്യാഘാതം, പേശികളുടെ ക്ഷതം, പൊള്ളൽ, കരുവാളിപ്പ് എന്നിവ ഉൾപ്പെടെയുള്ള ഗുരുതര അപകടങ്ങൾക്ക് ഹേതുവാകുമെന്ന് ആരോഗ്യ മേഖലയിലുള്ളവർ പറയുന്നു.
സൂര്യപ്രകാശം കൂടുതലുള്ള സമയങ്ങളിൽ പുറത്തുപോകുന്നത് ഒഴിവാക്കണമെന്നും നേരിട്ട് സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാൻ ജാഗ്രത കാണിക്കണമെന്നും പുറത്തുപോകേണ്ടിവരുമ്പോൾ ആവശ്യമായ മുൻകരുതലുകളെടുക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശം നൽകി.
#Heavyheat #continue #SaudiEastern #Province #Riyadh #Qasim
 
                    
                                                            



































