#Dubai Bus Routes #RTA Dubai #Dubai Public Transport
ദുബായ് : (https://gcc.truevisionnews.com/) ദുബായിലെ പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും യാത്രക്കാർക്ക് കൂടുതൽ സൗകര്യവും സമയലാഭവും നൽകുന്നതിന്റെ ഭാഗമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഈ മാസം 17 മുതൽ നാല് പുതിയ ബസ് റൂട്ടുകൾ കൂടി ആരംഭിക്കുന്നു.
ഈ മാസം 17 മുതൽ നാല് പുതിയ റൂട്ടുകൾ കൂടി പ്രവർത്തനം ആരംഭിക്കും. കൂടാതെ, നിലവിലുള്ള 13 റൂട്ടുകളിൽ ആവശ്യമായ പരിഷ്കാരങ്ങളും അതോറിറ്റി നടപ്പിലാക്കുന്നുണ്ട്. യാത്രക്കാരുടെ വർധിച്ചുവരുന്ന തിരക്കും ആവശ്യങ്ങളും കണക്കിലെടുത്ത് ആർടിഎ നടത്തുന്ന പതിവ് അവലോകനത്തിന്റെ ഭാഗമായാണ് ഈ നടപടികൾ.
ദുബായിൽ മെട്രോ, ട്രാം, ബസ്, വാട്ടർ ബസ് എന്നിവയടങ്ങുന്ന സംയോജിത ഗതാഗത ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കം. പുതിയ ബസ് റൂട്ടുകൾ പ്രധാന മെട്രോ സ്റ്റേഷനുകളിലേക്കും ബസ് ടെർമിനലുകളിലേക്കും കണക്ടിവിറ്റി മെച്ചപ്പെടുത്തും.
പുതിയ റൂട്ടുകൾ
1. റൂട്ട് 35: ഇന്റർനാഷനൽ സിറ്റിയെയും ദുബായ് സിലിക്കൺ ഒയാസിസിനെയും ബന്ധിപ്പിക്കുന്നു (തിരക്കുള്ള സമയങ്ങളിൽ 30 മിനിറ്റ് ഇടവേള).
2. റൂട്ട് 85: അൽ ഖൂസ് (അൽ ഖൈൽ ഗേറ്റ്) മുതൽ ദുബായ് ഇന്റർനെറ്റ് സിറ്റി മെട്രോ സ്റ്റേഷൻ വരെ (തിരക്കുള്ള സമയങ്ങളിൽ 20 മിനിറ്റ് ഇടവേള).
3. റൂട്ട് 37എ, റൂട്ട് 37ബി: ഇന്റർനാഷനൽ സിറ്റിക്കും സിലിക്കൺ ഒയാസിസ് ലേക്കിനും ഇടയിൽ സർവീസ് (തിരക്കുള്ള സമയങ്ങളിൽ 30 മിനിറ്റ് ഇടവേള).
∙ പരിഷ്കരിച്ച പ്രധാന റൂട്ടുകൾ
റൂട്ട് 27 ഇനി മുതൽ അൽ സുക്കൂക് സ്ട്രീറ്റിന് പകരം അൽ മുസ്തഖ്ബൽ സ്ട്രീറ്റ് വഴിയായിരിക്കും സർവീസ് നടത്തുക. റൂട്ട് 36എ, 36ബി എന്നിവയുടെ ചില ഭാഗങ്ങൾ നിർത്തലാക്കി. ഇന്റർനാഷനൽ സിറ്റിക്കും സിലിക്കൺ ഒയാസിസിനും ഇടയിലുള്ള യാത്രക്കാർക്ക് പുതിയ റൂട്ടുകളായ 37എ, 37ബി എന്നിവ പ്രയോജനപ്പെടുത്താം.
റൂട്ട് 67 ഇനി മുതൽ അൽ ഗുബൈബ ബസ് സ്റ്റേഷന് പകരം ഔദ് മേത്ത ബസ് സ്റ്റേഷനിലേക്കായിരിക്കും സർവീസ് നടത്തുക. ബർ ദുബായിലേക്ക് പോകേണ്ടവർക്ക് ദുബായ് മെട്രോ ഗ്രീൻ ലൈൻ ഉപയോഗിക്കാവുന്നതാണ്. റൂട്ട് 84 ഇനി മാൾ ഓഫ് ദി എമിറേറ്റ്സിന് പകരം ഇൻഷുറൻസ് മാർക്കറ്റ് ബസ് സ്റ്റോപ്പിൽ (സൗത്ത് സൈഡ്) സർവീസ് അവസാനിപ്പിക്കും.
ദുബായ് മറീനയ്ക്കും അൽ ഖൂസിനും ഇടയിൽ യാത്ര ചെയ്യുന്നവർക്ക് പുതിയ റൂട്ടായ 85 ഉപയോഗിക്കാം. റൂട്ട് 88 ഉം ഷെയ്ഖ് സായിദ് റോഡിലെ ഓൺപാസീവ് മെട്രോ ബസ് സ്റ്റോപ്പിലേക്ക് (നോർത്ത് സൈഡ്) ചുരുക്കി. റൂട്ട് 96, എക്സ് 94 എന്നിവ എക്സ്പോ റോഡിന് പകരം അൽ യലായിസ് സ്ട്രീറ്റ്/ജബൽ അലി വഴി തിരിച്ചുവിടും.
മെട്രോ ഫീഡർ സർവീസുകളായ എഫ് 06 നാദ് ഷമ്മയിലേക്കും, എഫ് 36 അൽ ബർഷ സൗത്ത് 2 വിലേക്കും നീട്ടിയിട്ടുണ്ട്. എഫ് 29 ഉം എഫ് 47 ഉം യാത്രക്കാരുടെ സൗകര്യാനുസരണം റൂട്ടുകളിൽ മാറ്റം വരുത്തി. എഫ് 49 ഇനി മുതൽ പാർക്കോ ഹൈപർമാർക്കറ്റ് ഭാഗത്തേക്ക് സർവീസ് നടത്തില്ല. വൈകുന്നേരങ്ങളിലെ തിരക്ക് ഒഴിവാക്കാൻ സി 01, എക്സ് 22 എന്നീ റൂട്ടുകളിലും ആവശ്യമായ സമയക്രമീകരണങ്ങളും റൂട്ട് മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.
ഇതിൽ എക്സ് 22 ബിസിനസ് ബേ സ്റ്റോപ്പുകൾ ഒഴിവാക്കി ഷെയ്ഖ് സായിദ് റോഡ് വഴി നേരിട്ട് അൽ ഖുസൈസ് ഇൻഡസ്ട്രിയൽ ഏരിയയിലേക്ക് സർവീസ് നടത്തും. പൊതുഗതാഗത സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും പുതിയ റൂട്ടുകൾ മനസ്സിലാക്കി യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യാനും ആർടിഒ യാത്രക്കാരോട് നിർദേശിച്ചു.
Content Highlight: Dubai RTA New Bus Routes From October 17 Four New Routes 13 Updated
































