#Latest News #Gulf News #Plastic Bags #Bahrain #Ministry of Commerce and Industry Bahrain
മനാമ: ബഹ്‌റൈനിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് വാണിജ്യ-വ്യവസായ മന്ത്രാലയം കർശന നിരോധനം ഏർപ്പെടുത്തി. പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനും സുസ്ഥിരമായ മാതൃകകൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
57 മൈക്രോണിൽ താഴെ കനമുള്ള പ്ലാസ്റ്റിക് ബാഗുകൾ, പഴവർഗങ്ങൾക്കും പച്ചക്കറികൾക്കും ഉപയോഗിക്കുന്ന കനം കുറഞ്ഞ ബാഗുകൾ എന്നിവയുടെ നിർമ്മാണവും ഇറക്കുമതിയും വിതരണവും ഇനി അനുവദിക്കില്ല.
ഇത്തരം ബാഗുകൾക്ക് പകരമായി 57 മൈക്രോണിൽ കൂടുതൽ കനമുള്ള പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ, പേപ്പർ ബാഗുകൾ, തുണി സഞ്ചികൾ, പൂർണ്ണമായും മണ്ണിൽ ലയിച്ചുചേരുന്ന ബയോഡീഗ്രേഡബിൾ ബാഗുകൾ എന്നിവ ഉപയോഗിക്കാൻ മന്ത്രാലയം നിർദ്ദേശിച്ചു. പുതിയ നിയമം സംബന്ധിച്ച ബോധവൽക്കരണത്തിനായി മന്ത്രാലയം പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
മാലിന്യ നിർമാർജനത്തിനായുള്ള ബാഗുകൾ, ആശുപത്രികളിൽ ഉപയോഗിക്കുന്ന മെഡിക്കൽ മാലിന്യ ബാഗുകൾ, മരുന്നുകൾക്കും ഭക്ഷണ സാധനങ്ങൾക്കുമായുള്ള പ്രത്യേക പാക്കേജിംഗ്, കയറ്റുമതി ആവശ്യങ്ങൾക്കായുള്ളവ എന്നിവയെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിലവിലുള്ള സ്റ്റോക്കുകൾ തീർക്കുന്നതിനും പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും വ്യാപാരികൾക്ക് മന്ത്രാലയം സാവകാശം നൽകിയിട്ടുണ്ട്. പ്ലാസ്റ്റിക് ഉപയോഗം കുറച്ച് പരിസ്ഥിതി സൗഹൃദമായ ബദലുകളിലേക്ക് മാറാൻ വ്യാപാരികളും ഉപഭോക്താക്കളും തയ്യാറാകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
Content Highlight: Bahrain imposes strict ban on plastic bags, Ministry of Commerce and Industry
#Latest News #Gulf News #Plastic Bags #Bahrain #Ministry of Commerce and Industry Bahrain




































