May 28, 2026 05:57 AM

#Latest News #Abdul Rahim #Released #Saudhi Jail #Kozhikode Native

റിയാദ്:(gcc.truevisionnews.com) ഇരുപത് വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം മോചിതനായി നാട്ടിലേക്ക്. സൗദി സമയം ബുധനാഴ്ച രാത്രി 11.55-ന് റിയാദിൽനിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്‌സ്പ്രസിലായിരുന്നു യാത്ര. വ്യാഴാഴ്ച രാവിലെ 7.35-ന് കരിപ്പൂർ വിമാനത്താവളത്തിറങ്ങും.

ജയിൽ ഉദ്യോഗസ്ഥരാണ് റഹീമിനെ എയർപോർട്ടിൽ എത്തിച്ച് എമിഗ്രെഷൻ ഉൾപ്പടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. റഹീമിന്റെ പവർ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂരും കുടുംബവും റഹീമിനോടൊപ്പം കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നുണ്ടെന്നും സഹായ സമിതി വാർത്ത കുറിപ്പിൽ അറിയിച്ചു.

2006 നവംബറിലാണ് സൗദി ബാലന്റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുന്നതും വിചാരണക്കൊടുവിൽ റിയാദിലെ കോടതി വധശിക്ഷ വിധിച്ചതും. മോചനദ്രവ്യം നൽകിയതിന്റെ പശ്ചാത്തലത്തിൽ നേരത്തെ കോടതി വധശിക്ഷ ഒഴിവാക്കി നൽകിയിരുന്നു.

2006 നവംബർമാസം 28-ന് ആയിരുന്നു അബ്ദുൾ റഹീം സൗദിയിൽ എത്തിയത്. സ്വദേശിയുടെ സുഖമില്ലാത്ത മകനെ പരിപാലിക്കൽ ആയിരുന്നു ജോലി. 2006 ഡിസം 26-ന് സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മരിക്കാനിടയായ സംഭവത്തിലാണ് ജയിലിലായത്.

മനഃപൂർവമല്ലാത്ത കൈപ്പിഴയായിരുന്നു അപകടകാരണമെന്ന് വ്യക്തമായെങ്കിലും വധശിക്ഷ വിധിക്കപ്പെടുകയായിരുന്നു. അന്ന് റഹീമിന്റെ പ്രായം 26 വയസ്സ് ആയിരുന്നു. ക്രൂരമായ കൊലപാതകമെന്നും തെളിവ് നശിപ്പിച്ചെന്നും പ്രോസിക്യൂഷൻ വാദിച്ചപ്പോൾ കുടുംബത്തോട് വ്യക്തിവൈരാഗ്യമില്ലെന്നും അബദ്ധത്തിൽ സംഭവിച്ചതെന്നും റഹീം പറഞ്ഞു.

ലോകമലയാളികൾ ഒന്നടങ്കം കൈകോർത്ത് സമാഹരിച്ച 34 കോടി രൂപ ദിയാധനമായി നൽകിയതോടെയാണ് വധശിക്ഷയിൽനിന്ന് റഹീം രക്ഷപ്പെട്ടത്. ഇതിനുപിന്നാലെ റിയാദിലെ ക്രിമിനൽ കോടതി റഹീമിന് സൗദി പൊതുനിയമപ്രകാരം തടവുശിക്ഷ പൂർത്തിയാക്കണമെന്ന് വിധിച്ചു. ഈ തടവ് കാലാവധി പൂർത്തിയായതോടെയാണ് ഇപ്പോൾ റഹീമിന്റെ മോചനം യാഥാർഥ്യമായിരിക്കുന്നത്.

ആകെ 47,87,65,347 രൂപയാണ് സമാഹരിച്ചത്. ഇതിൽ 36,27,34,927 രൂപ ഇതുവരെ ചിലവായി. റഹീം സഹായ സമിതിയാണ് കേസ് നടത്തിയത്. ഒസാമ അൽ അംബർ ആയിരുന്നു റഹീമിന്റെ അഭിഭാഷകൻ. സിദ്ദിഖ് തുവ്വൂർ- റഹീമിന്റെ പവർ ഓഫ് അറ്റോർണിയും. റഹീമിന്റെ വധശിക്ഷ റദ്ദാക്കിയത് 2024 ജൂലായ് രണ്ടിനായിരുന്നു.

Content Highlight: Content Highlights:-Abdul Rahim Released Saudi Prison Return Kerala

#Latest News #Abdul Rahim #Released #Saudhi Jail #Kozhikode Native

Next TV

Top Stories










Entertainment News