അബുദാബി: ( gcc.truevisionnews.com ) എല്ലാ മാസവും ഒന്നാം തിയതി തന്നെ ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകിയില്ലെങ്കിൽ യുഎഇയിൽ കമ്പനികളെ കാത്തിരിക്കുന്നത് വൻ നടപടി. പിഴ, പുതിയ വർക്ക് പെർമിറ്റുകൾ നിഷേധിക്കൽ മുതൽ സ്വത്തുക്കൾ പിടിച്ചെടുക്കുന്നതും യാത്രാവിലക്കും ഉൾപ്പടെയാണ് വരിക. തൊഴിലാളികൾ ഉൾപ്പടെ ജീവനക്കാരുടെ വേതന സംരക്ഷണം ലക്ഷ്യമിട്ടാണ് നടപടി.
അടുത്ത മാസം മുതൽ കൃത്യം ഒന്നാം തിയതി തൊഴിലാളികളുടെ അക്കൗണ്ടിലോ കൈയിലോ ശമ്പളമെത്തിയിരിക്കണം. ഒന്നാം തിയതി എന്നത് രണ്ടായാൽ അത് കുടിശികയാണ്. ശമ്പളം മുടങ്ങിയതായി കണക്കാക്കും. മുടങ്ങുന്ന ഓരോ ദിവസവും നടപടി കൂടിക്കൂടി വരും.
രണ്ടാം ദിവസം മുതൽ മുന്നറിയിപ്പ് നോട്ടീസ് ലഭിക്കും. അഞ്ചാം ദിവസം മുതൽ കമ്പനിക്ക് പുതിയ വർക്ക് പെർമിറ്റുകൾ ലഭിക്കില്ല. ശമ്പളം മുടങ്ങൽ ആറു മാസത്തിനിടെ ആവർത്തിച്ചാൽ നടപടി കൂടും. മുടങ്ങിയ പതിനൊന്നാം ദിവസം മുതൽ പിഴ ഈടാക്കും. കമ്പനിയുടെ ഗ്രേഡിങ് തേർഡ് ബിസിനസ് ക്ലാസിലേക്ക് താഴ്ത്തും. പതിനാറാം ദിവസവും ശമ്പളം കിട്ടിയില്ലെങ്കിൽ തൊഴിൽ തർക്ക നിയമ നടപടിയിലേക്ക് തൊഴിലാളികൾക്ക് നീങ്ങാം.
കൂടുതൽ വർക്ക് പെർമിറ്റുകൾ നിഷേധിക്കും. പ്രധാനമായും 25ലധികം ജോലിക്കാരുള്ള നിർമ്മാണം, ഗതാഗതം, സ്റ്റോറേജ്, സുരക്ഷ, ക്ലീനിങ്, റിക്രൂട്ട്മെന്റ് മേഖലകളിലാണിത്. മുടങ്ങിയത് 21 ദിവസമായാൽ കനത്ത പിഴ. കേസ് പബ്ലിക് പ്രോസിക്യൂഷനിലേക്ക് നീങ്ങും. ശമ്പളം ഈടാക്കാൻ റിക്കവറി നടപടികളിലേക്ക് കടക്കും. സ്വത്തുക്കൾ മുന്നറിയിപ്പായി പിടിച്ചെടുക്കും. യാത്രാ വിലക്ക് ഏപ്പെടുത്തും.
Salary must be paid on the first day in private companies new law comes into effect in the UAE from June 1






























