ബഹ്‌റൈന്‍: (gcc.truevisionnews.com) ബഹ്‌റൈനില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട നിയമത്തില്‍ കൂടുതല്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നു. നിയമപരമായി രാജ്യത്ത് താമസിക്കാന്‍ അനുമതിയുള്ള കാലയളവ് വരെ മാത്രമായിരിക്കും ലൈസെന്‍സിന്റെ കാലാവധി. ഇതുസംബന്ധിച്ച് സുപ്രധാന ഭേദഗതി ബഹ്‌റൈന്‍ പാര്‍ലമെന്റ് പാസാക്കി.
പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിന് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്ന ട്രാഫിക് നിയമത്തിലെ രണ്ട് നിര്‍ണായക ഭേദഗതികളാണ് ബഹ്‌റൈന്‍ പാര്‍ലമെന്റ് പാസാക്കിയത്. ലൈസന്‍സിന്റെ കാലാവധി പ്രവാസിയുടെ താമസ രേഖയുമായി ബന്ധിപ്പിക്കുന്നതും വിദേശ അപേക്ഷകര്‍ക്ക് അധിക നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതുമാണ് പുതിയ ഭേദഗതികള്‍.
ഒന്നാമത്തെ ഭേദഗതി പ്രകാരം, ഒരു പ്രവാസിക്ക് ലഭിക്കുന്ന ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി അവര്‍ക്ക് രാജ്യത്ത് നിയമപരമായി താമസിക്കാന്‍ അനുമതിയുള്ള കാലയളവ് വരെ മാത്രമായിരിക്കും.
വിദേശികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് വരുമാനമോ തൊഴിലോ അടിസ്ഥാനമാക്കിയുള്ള അധിക നിബന്ധനകള്‍ നിശ്ചയിക്കാന്‍ എക്‌സിക്യൂട്ടീവ് അതോറിറ്റിക്ക് അനുവാദം നല്‍കുന്നതാണ് മറ്റൊരു ഭേദഗതി. രാജ്യത്തെ റോഡുകളിലെ അമിത തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിഷ്‌കാരങ്ങളെന്ന് പ്രമേയത്തെ അനുകൂലിച്ച എംപിമാര്‍ വ്യക്തമാക്കി.

പ്രവാസി തൊഴിലാളികളുടെയും സ്വകാര്യ വാഹനങ്ങളുടെയും എണ്ണം വര്‍ദ്ധിച്ചുവരുന്നത് ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ടെന്നും വിദേശ രാജ്യങ്ങളിലെ മാതൃക പിന്തുടര്‍ന്ന് വരുമാനവും താമസ കാലയളവും പരിഗണിച്ച് ലൈസന്‍സ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും പാര്‍ലമെന്റ് പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.
ബഹ്‌റൈന്‍ സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് ഭേദഗതി നിയമം പാസാക്കിയത്. നിലവിലെ നിയമപ്രകാരം തന്നെ ലൈസന്‍സ് ലഭിക്കാനും പുതുക്കാനും സാധുവായ താമസ രേഖ ആവശ്യമാണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കുന്നത് ഭരണപരമായ സങ്കീര്‍ണ്ണതകള്‍ക്ക് ഇടയാക്കുമെന്ന് ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി.
എന്നാല്‍ നിയമം നടപ്പിലാക്കുന്നതിനായി നിയമനിര്‍മാണ വകുപ്പുകളിലെ സാധ്യതാ ക്രമങ്ങളിലേക്ക് പ്രമേയം ഉള്‍പ്പെടുത്തുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ രാജ്യത്ത് നിയമം പ്രാബല്യത്തില്‍ വരും.
Content Highlight: Bahrain to impose more conditions on expatriate driving licenses























.jpeg)







