#Latest News #Sexual Assault #Court Sentenced #Saudi Arabia
മദീന: (gcc.truevisionnews.com) സൗദി അറേബ്യയിലെ വിശുദ്ധ നഗരമായ മദീനയിൽ കൗമാരക്കാരനു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രവാസിക്ക് കഠിന ശിക്ഷ വിധിച്ച് കോടതി. പ്രതിയായ വിദേശിക്ക് രണ്ട് വർഷം തടവും കനത്ത പിഴയുമാണ് മദീന അപ്പീൽ കോടതി വിധിച്ചത്.
പീഡനത്തിനിരയായ കുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലും വിചാരണയിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. തടവുശിക്ഷയ്ക്ക് പുറമെ, പ്രതിയുടെ പേരും കുറ്റകൃത്യത്തിന്റെ വിശദാംശങ്ങളും അടങ്ങുന്ന ശിക്ഷാവിധി പ്രാദേശിക പത്രങ്ങളിൽ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കുറ്റവാളികളെ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുന്നതിനും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ഇതൊരു മുന്നറിയിപ്പാകുന്നതിനും വേണ്ടിയാണ് വിധി പരസ്യപ്പെടുത്താൻ കോടതി നിർദേശിച്ചത്.
തടവുശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതിയെ സൗദി അറേബ്യയിൽ നിന്നും നാടുകടത്തുമെന്നാണ് വിവരം. പിന്നീട് ഇയാൾക്ക് വീണ്ടും സൗദിയിലേക്ക് പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കുമുണ്ടാകും. സൗദി അറേബ്യയിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾക്കും പീഡനങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികളാണ് അധികൃതർ സ്വീകരിച്ചു വരുന്നത്.
Content Highlight: Sexual assault on teenager Expatriate sentenced to two years in prison in Saudi Arabia




































