അബുദാബി : (gcc.truevisionnews.com) യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും ചിലയിടങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെടുന്നത് വഴി ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
മഴ പെയ്യുമെങ്കിലും രാജ്യത്ത് ചൂട് കാര്യമായി കുറയില്ലെന്നാണ് റിപ്പോർട്ട്. പരമാവധി താപനില 35 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാം. ദുബായിൽ കുറഞ്ഞ താപനില 23 ഡിഗ്രിയും കൂടിയത് 31 ഡിഗ്രിയുമായിരിക്കും. അബുദാബിയിൽ 22 ഡിഗ്രി മുതൽ 30 ഡിഗ്രി വരെയാകും താപനില രേഖപ്പെടുത്തുക. വടക്കുകിഴക്ക്, തെക്കുകിഴക്ക് ദിശകളിൽ നിന്ന് കാറ്റ് വീശാൻ സാധ്യതയുണ്ട്.
മണിക്കൂറിൽ 15 മുതൽ 25 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റ് ചില സമയങ്ങളിൽ 40 കിലോമീറ്റർ വരെയാകാം. ഇത് പൊടിപടലങ്ങൾ ഉയരാൻ കാരണമാകുമെന്നതിനാൽ വാഹനയാത്രികർ ജാഗ്രത പാലിക്കണം. അറേബ്യൻ ഗൾഫിൽ ആകാശം മേഘാവൃതമാകുന്നതിനോടൊപ്പം കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. അതേസമയം ഒമാൻ കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും അറിയിച്ചു.
മഴയുള്ള സമയങ്ങളിൽ റോഡുകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് വാഹനയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. റോഡിലെ സാഹചര്യങ്ങൾക്കനുസരിച്ച് വാഹനത്തിന്റെ വേഗത കുറയ്ക്കണമെന്നും മുൻപിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കണമെന്നും പൊലീസ് നിർദ്ദേശിച്ചു. ഡ്രൈവിങ്ങിനിടെ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ഓർമിപ്പിച്ചു.
മഴയെത്തുടർന്നുണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളും അടിയന്തര സാഹചര്യങ്ങളും നേരിടാൻ പൊലീസ് സേന സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി. വെള്ളക്കെട്ടുകളിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വിട്ടുനിൽക്കണം. ഒരു കാരണവശാലും മലവെള്ളപ്പാച്ചിലുണ്ടാകുന്ന താഴ്വരകൾ (വാലി) മുറിച്ചുകടക്കാൻ ശ്രമിക്കരുത്. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി ദുബായ് മുനിസിപ്പാലിറ്റിയും പൊലീസും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ബീച്ചുകളിലും കടൽതീരങ്ങളിലും ജാഗ്രത വേണം.
rain likely in uae temperatures in dubai to drop to 23c





























