ദുബായ്: (gcc.truevisionnews.com) യുഎഇ നിവാസികൾക്ക് ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ അവധിക്കാലങ്ങളിലൊന്ന് അടുത്ത മാസം ലഭിച്ചേക്കും. അറഫാ ദിനവും ബലിപെരുന്നാളും (ഈദ് അൽ അദ്ഹ) പ്രമാണിച്ച് ആറ് ദിവസത്തെ പൊതുഅവധിക്ക് സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടലുകൾ സൂചിപ്പിക്കുന്നത്.
എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ നൽകുന്ന വിവരമനുസരിച്ച്, മേയ് 27ന് ബലിപെരുന്നാളിന് സാധ്യത. ഇതിന് തൊട്ടുമുമ്പുള്ള ദിവസമായ 26 നാണ് ഹജ് കർമങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട അറഫാ ദിനം. എങ്കിലും മാസപ്പിറവി കാണുന്നതിനനുസരിച്ച് മാത്രമേ ഔദ്യോഗിക തീയതികളിൽ മാറ്റമുണ്ടാകൂ.
യുഎഇ കാബിനറ്റ് അംഗീകരിച്ച അവധി പട്ടിക പ്രകാരം അറഫാ ദിനത്തിന് ഒരു ദിവസവും ബലിപെരുന്നാളിന് മൂന്ന് ദിവസവുമാണ് പൊതുഅവധി ലഭിക്കുക. 26 മുതൽ 29 വരെയാണ് ഈ അവധികൾ വരുന്നത്. ഇതിനുശേഷം വരുന്ന ശനി, ഞായർ (മേയ് 30, 31) വാരാന്ത്യ അവധികൾ കൂടി ചേരുമ്പോൾ തുടർച്ചയായി ആറ് ദിവസത്തെ വിശ്രമം താമസക്കാർക്ക് ലഭിക്കും.
അവധിദിനങ്ങൾ പ്രയോജനപ്പെടുത്തി കുറഞ്ഞ ലീവ് എടുത്ത് ദീർഘിച്ച യാത്രകൾ ആസൂത്രണം ചെയ്യുന്നവർക്ക് 25 ന് ഒരു ദിവസം കൂടി അവധി എടുത്താൽ 23 മുതൽ 31 വരെ നീളുന്ന 9 ദിവസത്തെ അവധിക്കാലം ആഘോഷിക്കാനാകും. ഹജ് തീർഥാടനം 25 ന് ആരംഭിക്കുമെന്നാണ് കണക്കാക്കുന്നത്.
ഇസ്‌ലാമിലെ അഞ്ചാമത്തെ തൂണായ ഹജ് കർമങ്ങൾ ദുൽഹജ് എട്ടിന് (മേയ് 25) ആരംഭിച്ച് 29-30 ന് അവസാനിക്കാനാണ് സാധ്യത. 26 നാണ് അറഫാ സംഗമം. ഹജിന് പോകാൻ സാധിക്കാത്തവർക്ക് ഈ ദിവസം പ്രാർഥനകൾക്കും ഉപവാസത്തിനും ഏറെ പ്രാധാന്യമുള്ളതാണ്. ലോകത്തെങ്ങുമുള്ള മുസ്‌ലിംകൾക്കിടയിൽ ഐക്യത്തിന്റെയും ആത്മീയതയുടെയും സന്ദേശം പകരുന്നതാണ് ഈ ദിനങ്ങൾ. കൂടുതൽ വിവരങ്ങൾ മാസപ്പിറവി സ്ഥിരീകരിക്കുന്നതോടെ അധികൃതർ ഔദ്യോഗികമായി അറിയിക്കും.
Eid al-Adha six-day holiday likely in UAE




























