റിയാദ്: (gcc.truevisionnews.com) സമാധാന ചർച്ചകൾക്കിടയിലും സൗദി അറേബ്യക്ക് നേരെ വീണ്ടും ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണ നീക്കം. പാകിസ്ഥാൻ്റെ മധ്യസ്ഥതയിൽ ഇറാനുമായി ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് കിഴക്കൻ പ്രവിശ്യയെ ലക്ഷ്യമാക്കി ആക്രമണമുണ്ടായത്. എന്നാൽ, ശത്രുപക്ഷത്തുനിന്നും എത്തിയ അഞ്ച് ബാലിസ്റ്റിക് മിസൈലുകളും അഞ്ച് ഡ്രോണുകളും സൗദി പ്രതിരോധ സേന വിജയകരമായി തകർത്തു.
തിങ്കളാഴ്ച പുലർച്ചെയോടെയാണ് ആക്രമണശ്രമങ്ങൾ ഉണ്ടായതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ തടയാൻ കഴിഞ്ഞതിനാൽ വലിയ അപകടങ്ങൾ ഒഴിവാക്കാനായി. റിപ്പോർട്ടുകൾ പ്രകാരം, ആക്രമണ പരമ്പരകൾ ആരംഭിച്ചത് മുതൽ ഇതുവരെ ഏകദേശം 846 ഡ്രോണുകളും 71 മിസൈലുകളും തകർക്കാൻ സൗദി പ്രതിരോധ സേനയ്ക്ക് സാധിച്ചിട്ടുണ്ട്.
പ്രതിരോധ മന്ത്രാലയത്തിെൻറ കണക്കുകൾ പ്രകാരം 846 ഡ്രോണുകൾ, 63 ബാലിസ്റ്റിക് മിസൈലുകൾ, ഏഴ് ക്രൂയിസ് മിസൈലുകൾ, ഒരു തവാഫ് മിസൈൽ എന്നിവയാണ് ഇതുവരെ നശിപ്പിച്ചത്. ഇവയിൽ ഭൂരിഭാഗവും റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവയെ ലക്ഷ്യമിട്ടുള്ളതായിരുന്നു. ആക്രമണ ഭീഷണിയെത്തുടർന്ന് കിഴക്കൻ പ്രവിശ്യയിലും ഖർജിലും സിവിൽ ഡിഫൻസ് അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പൊതുജനങ്ങൾ താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
അപകടസാധ്യത മാറും വരെ സുരക്ഷിതമായി തുടരുക, ജനലുകളിൽ നിന്ന് അകന്ന് കെട്ടിടങ്ങൾക്കുള്ളിലെ സുരക്ഷിതമായ മുറികളിലേക്ക് ഉടൻ മാറുകയും ഭീഷണി ഒഴിയുന്നത് വരെ പുറത്തിറങ്ങാതിരിക്കുകയും ചെയ്യുക, തുറസ്സായ സ്ഥലങ്ങൾ ഒഴിവാക്കുക, ബാൽക്കണികളിലും മുകളിലത്തെ നിലകളിലും നിൽക്കരുത്, പുറത്തുള്ളവർ എത്രയും വേഗം തൊട്ടടുത്തുള്ള കെട്ടിടത്തിലേക്ക് മാറുകയോ ഉറപ്പുള്ള മതിൽക്കെട്ടുകൾക്ക് പിന്നിൽ സംരക്ഷണം തേടുകയോ ചെയ്യുക, കൂട്ടം കൂടരുത്, അപകടസ്ഥലങ്ങളിൽ ഫോട്ടോ എടുക്കുന്നതിനോ വീഡിയോ പകർത്തുന്നതിനോ വേണ്ടി ഒത്തുചേരുന്നത് കർശനമായി ഒഴിവാക്കണം, വാഹനം ഓടിക്കുന്ന സമയത്താണ് ജാഗ്രതാ സന്ദേശം ലഭിക്കുന്നതെങ്കിൽ ഉടൻ തന്നെ വാഹനം റോഡരികിലേക്ക് മാറ്റി നിർത്തുക, പാലങ്ങൾക്കും ഉയരമുള്ള കെട്ടിടങ്ങൾക്കും സമീപം വാഹനം നിർത്തരുത് തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. അപകട സാഹചര്യങ്ങളിൽ സഹായത്തിനായി മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, രാജ്യത്തെ മറ്റ് ഭാഗങ്ങളിലുള്ളവർ 998 എന്ന നമ്പറിലും ബന്ധപ്പെടണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
Provocations despite peace talks; Missile-drone attack on Saudi Arabia, army successfully repels

































