മസ്കത്ത്: (gcc.truevisionnews.com) പൊന്നോമനായ കുഞ്ഞിന്റെ മുഖം കണ്ടു കൊതിതീരുംമുമ്പ് പ്രവാസി യുവാവ് ജീവിതത്തിൽനിന്ന് അപ്രതീക്ഷിത മടക്കം. പാലക്കാട് ജില്ലയിലെ തൃത്താല കുമ്പിടി ഉമ്മത്തൂർ പട്ടിപ്പാറ ഹൗസിൽ സലാഹുദ്ദീൻ (40) ആണ് ഒമാനിലെ ഖദ്റയിൽ ശനിയാഴ്ച ഹൃദയാഘാതം മൂലം മരിച്ചത്. സുവൈഖിലെ ഖദറയിൽ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായിരുന്നു.
15 വർഷമായി പ്രവാസിയാണ്. മൂന്നു പിഞ്ചു കുഞ്ഞുങ്ങളടങ്ങുന്നതാണ് സലാഹുദ്ദീന്റെ കുടുംബം. ഏറ്റവും ഇളയ മകൾക്ക് ആറു മാസം മാത്രമാണ് പ്രായം. ഭാര്യോടും മക്കളോടും യാത്രപറഞ്ഞ് കഴിഞ്ഞ നവംബറിലാണ് സലാഹുദ്ദീൻ നാട്ടിൽനിന്ന് ഒമാനിൽ തിരിച്ചെത്തിയത്.
ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ ജോലി സ്ഥലത്തുനിന്ന് ഷിഫ്റ്റ് കഴിഞ്ഞ് റൂമിലെത്തിയ സലാഹുദ്ദീൻ റൂമിന് പുറത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഈ സമയം മറ്റാരും സമീപത്തുണ്ടായിരുന്നില്ല. ഏറെ നേരം കഴിഞ്ഞ് കൂടെ താമസിക്കുന്നയാൾ റൂമിന് പുറത്തുവന്നപ്പോഴാണ് യുവാവ് വീണുകിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
സലാഹുദ്ദീന്റെ സഹോദരൻ മുഹമ്മദ് മുസ്തഫ ഖദ്റയിൽതന്നെ മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. പിതാവ്: പരേതനായ കമ്മു മുസ്‍ലിയാർ. മാതാവ്: ആയിശ. ഭാര്യ: അംറത്ത് റിസ്‍വാന. മക്കൾ: ഫൈഹ (ആറ്) ഫർഹ (നാല്), ഫൈറ (ആറുമാസം). മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി ഞായറാഴ്ച രാത്രിയോടെ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനമെന്ന് സഹോദരൻ മുഹമ്മദ് മുസ്തഫ പറഞ്ഞു.
Expatriate Malayali man collapses and dies after returning to his room after work

































