ദോഹ: (gcc.truevisionnews.com) ഖത്തര്‍ കടല്‍ തീരത്ത് രണ്ട് ചത്ത കടല്‍പ്പശുക്കളെ (dugong) കണ്ടെത്തിയതില്‍ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സമഗ്രമായ അന്വേഷണം ആരംഭിച്ചു. മത്സ്യ ബന്ധന വലകളില്‍ കുടുങ്ങിയിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു.
വന്യജീവി വികസന വകുപ്പിലെ ഒരു സംഘം പരിശോധന നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും ആവശ്യമായ സാമ്പിളുകള്‍ ശേഖരിച്ചുവരുന്നുണ്ടെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.
ബോട്ടുകളുമായോ മത്സ്യബന്ധന കപ്പലുകളുമായോ കൂട്ടിയിടിച്ചാണ് കടല്‍പ്പശുക്കള്‍ പോലുള്ള കടല്‍ ജീവികളുടെ മരണത്തിന് കാരണമാകുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. നിലവില്‍ കടല്‍പ്പശുക്കളുടെ ഇണചേരല്‍ കാലമായതിനാല്‍ ആണ്‍ കടല്‍പ്പശുക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും അത് മരണത്തിലേക്ക് നയിച്ചേക്കാവുന്ന ഗുരുതരമായ പരിക്കുകള്‍ക്ക് കാരണമാവുകയും ചെയ്തേക്കാം.
ചൂടുള്ള തീരദേശ ജലാശയങ്ങളില്‍ വസിക്കുന്ന പ്രധാനമായും കടല്‍പ്പുല്ല് ഭക്ഷിക്കുന്ന സസ്യഭുക്കുകളായ സമുദ്ര സസ്തനികളാണ് കടല്‍പ്പശുക്കള്‍. ഓസ്‌ട്രേലിയയ്ക്ക് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കടല്‍പ്പശുക്കള്‍ ഏറ്റവും കൂടുതലുള്ളത് ഖത്തറിലാണ്.
ഖത്തറിലെ കടല്‍പ്പശുക്കള്‍ക്ക് പരിസ്ഥിതി നിയമങ്ങള്‍ പ്രകാരം പ്രത്യേക സംരക്ഷണം ലഭിക്കുകയും വംശനാശഭീഷണി നേരിടുന്ന ഈ ജീവിവര്‍ഗത്തെ സംരക്ഷിക്കാന്‍ തുടര്‍ച്ചയായ നിരീക്ഷണത്തിന് വിധേയമാക്കുകയും ചെയ്യുന്നു.
#Dead #sea #cow #found #Qatar #coast #authorities #launch #investigation