റിയാദ് : (gcc.truevisionnews.com) നാട്ടിലേക്ക് മടങ്ങാനാവാതെ മൂന്ന് പതിറ്റാണ്ടിനടുത്ത് പ്രവാസ ജീവിതത്തിലെ നിയമകുരുക്കിനൊടുവിൽ പ്രവാസി മലയാളി അന്തരിച്ചു. സൗദിയിലെ റിയാദിൽ 28 വർഷമായി കൃത്യമായി രേഖകളൊന്നുമില്ലാതെ ജീവിച്ച മലപ്പുറം, പുൽപെറ്റ, തൃപ്പനച്ചി, പാലട്ടക്കാട്ടെ കൈത്തോട്ടിൽ ഹരിദാസൻ (68) ആണ് മരിച്ചത്.
അഞ്ച് ദിവസമാണ് മൃതദേഹം അനാഥമായി കിടന്നത്. കഴിഞ്ഞ 19 നായിരുന്നു ബത്ഹയിലെ റൂമിൽ ഓറ്റയ്ക്ക് താമസിച്ചിരുന്ന ഹരിദാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. റൂമിൽ നിന്നും ദുർഗന്ധം വമിച്ചുതുടങ്ങിയതോടെ സമീപത്തുള്ളവർ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി മൃതദേഹം ഷുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
രേഖകൾ പരിശോധിച്ചപ്പോഴാണ് ഹരിദാസിന്റെ പേര് പാസ്പോർട്ടിൽ വർഗീസ് അനിൽകുമാർ എന്ന് കണ്ടെത്തിയത്. രേഖകൾ പ്രകാരമുള്ള അന്വേഷണത്തിൽ വർഗീസ് അനിൽകുമാർ എന്ന വ്യക്തി ഇന്ത്യയിലുണ്ടെന്നുമാണ് അറിഞ്ഞത്.
കൈവശമുള്ളതും മറ്റൊരു പേരിലുള്ള ഇഖാമയും. പഴയൊരു ഇഖാമ കോപ്പി ലഭിച്ചതുപയോഗിച്ച് ജവാസത്തിൽ നിന്നും ഇയാളുടെ യാത്രാ വിവരങ്ങളും മറ്റും കണ്ടെത്തുകയായിരുന്നു.
1997 സെപ്റ്റംബറിലാണ് മുംബൈയിലെ ഒരു ട്രാവൽ ഏജൻസി നൽകിയ വീസയിലും പാസ്പോർട്ടിലും തൊഴിലാളിയായി റിയാദിൽ വിമാനമിറങ്ങിയത്. പക്ഷേ കൈവശമുണ്ടായിരുന്ന പാസ്പോർട്ടിൽ വർഗീസ് അനിൽകുമാർ എന്ന പേരായിരുന്നു.
തുടക്കകാലത്തിനു ശേഷം ഹരിദാസന്റെ പേരിൽ സ്പോൺസറിന്റെ അടുത്ത് നിന്നു ഒളിച്ചോടിയതായി (ഹുറൂബ്) കേസ് നിലവിലുണ്ടായിരുന്നു. അക്കാലത്ത് ഈ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കണമെന്നറിയാത്തതിനാൽ പൊലീസിന്റെയും അധികൃതരുടേയും പരിശോധനയിൽ പിടിക്കപ്പെടാതെ, കഴിയുന്ന ജോലികളൊക്കെ ചെയ്ത് ജീവിക്കുകയായിരുന്നു.
ഇതിനിടെ മാതാപിതാക്കളും മരിച്ചു. നാട്ടിലുള്ള ഭാര്യയേയും മൂന്ന് മക്കളേയും കാണാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും രേഖകളിലെ വ്യത്യാസവും ഹുറുബുമൊക്കെ തടസ്സമായി.
വർഷങ്ങൾ കഴിഞ്ഞതോടെ നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പാസ്പോർട്ടിലെ പേരും മറ്റും വ്യത്യസ്തമായതിനാൽ സാധ്യമാകാത്തതിനാൽ ആഗ്രഹങ്ങളും ഉപേക്ഷിച്ചിരുന്നു. ഇതിനിടെ പ്രായമേറി രോഗം പിടികൂടിയതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി.
മൃതദേഹം സംസ്കരിക്കുന്നതിനും നാട്ടിലേക്ക് കയറ്റി അയക്കുന്നതിനും എന്തുചെയ്യണമെന്നറിയാതെ പരിചയക്കാരും നാട്ടിലെ കുടുംബവും ബന്ധുക്കളും ആശയക്കുഴപ്പത്തിലുമായി. തുടർന്ന് വിഷയം റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് ഏറ്റെടുക്കുകയും പല പ്രാവശ്യമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ സമീപിച്ചു.
പൊലീസിൽ നിന്നും മോർച്ചറി വിഭാഗത്തിൽ നിന്നും ഫിങ്ർ പ്രിന്റ് സെക്ഷനിൽ നിന്നുള്ള എല്ലാ രേഖകളും ക്ലിയർ ചെയ്തു തയാറാക്കി. ഈ വിവരങ്ങൾ ഇന്ത്യൻ എംബസി അധികൃതരെയും ധരിപ്പിച്ചു. എക്സിറ്റ് അടിക്കാൻ ഹുറൂബ് നിലവിലുണ്ടായതിനാലും രേഖകൾ എല്ലാം അവ്യക്തമായതിനാലും ഡീ പോർട്ടേഷൻ സെന്ററിൽ എക്സിറ്റ് ലഭിക്കാതെ വന്ന സാഹചര്യത്തിൽ എംബസി ഉദ്യോഗസ്ഥൻ നസീം ജവാസത്തിൽ നേരിട്ടെത്തി എക്സിറ്റ് നേടുകയായായിരുന്നു. ഇന്ത്യൻ എംബസിയുടെ ചെലവിൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളും പൂർത്തീകരിച്ചു.
#Expatriate #Malayali #passes #away #Riyadh