മനാമ: (gcc.truevisionnews.com) ദീർഘകാല ബഹ്റൈൻ പ്രവാസിയും കലാ, സാമൂഹിക, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ഷംസ് കൊച്ചിൻ അന്തരിച്ചു. 65 വയസ്സായിരുന്നു.
പ്രശസ്ത ഗായകൻ അഫ്സലിന്റെ സഹോദരനാണ്. നാട്ടിലായിരുന്നു അന്ത്യം. വൃക്ക, ഹൃദയ സംബന്ധമായ രോഗങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്നു.
ബഹ്റൈനിലെ സംഗീത വേദികളിൽ ഒട്ടേറെ പ്രശസ്ത ഗായകർക്ക് പിന്നണിയൊരുക്കിയിട്ടുണ്ട്. ബഹ്റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്, ഇന്ത്യൻ സ്കൂൾ ഉൾപ്പടെ വിവിധയിടങ്ങളിൽ സംഗീത വിരുന്നുകൾ സംഘടിപ്പിച്ചിട്ടുള്ള ഇദ്ദേഹം ബഹ്റൈനിൽ സംഗീതം പഠിപ്പിക്കുകയും ചെയ്തിരുന്നു.
ബഹ്റൈനിലെ സംഘടനയായ പടവ് കുടുംബവേദിയുടെ സ്ഥാപകനും രക്ഷാധികാരിയുമായിരുന്നു. കലാരംഗത്ത് നൽകിയിട്ടുള്ള സംഭാവനകളെ മുൻനിർത്തി വിവിധ സംഘടനകൾ ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
ഷംസ് കൊച്ചിന്റെ വിയോഗത്തിൽ നിരവധി സംഘടനകൾ അനുശോചനം അറിയിച്ചിട്ടുണ്ട്. മക്കൾ: നഹല, നിദാൽ ഷംസ്. മരുമകൻ: റംഷി. ഗായകരായ അഫ്സൽ, അൻസാർ, അഷറഫ്, ഷക്കീർ, സലീം, ശരീഫ്, റംല, ഷംല എന്നിവർ സഹോദരങ്ങളാണ്.
#ShamsCochin #long #time #Bahraini #expatriate #passesaway