കുവൈത്ത് സിറ്റി: കുവൈത്തിലെ ബാങ്കുകൾക്ക് ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ചു. കുവൈത്ത് ബാങ്കിംഗ് അസോസിയേഷൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ശൈഖ അൽ ഈസ ആണ് ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചത്.
കുവൈത്ത് സെൻട്രൽ ബാങ്ക് പുറത്തിറക്കിയ സർക്കുലർ പ്രകാരം ഈദുൽ ഫിത്റിന്റെ ആദ്യ ദിവസം 2025 മാർച്ച് 30 ഞായറാഴ്ചയാണെങ്കിൽ, പ്രാദേശിക ബാങ്കുകൾ ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ( മാർച്ച് 30, മാർച്ച് 31, ഏപ്രിൽ 1) അടച്ചിരിക്കും. ഔദ്യോഗിക പ്രവർത്തനം ഏപ്രിൽ 2 ബുധനാഴ്ച പുനരാരംഭിക്കും.
ഈദിന്‍റെ ആദ്യ ദിവസം 2025 മാർച്ച് 31 തിങ്കളാഴ്ചയാണെങ്കിൽ, പ്രാദേശിക ബാങ്കുകൾ ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ അടച്ചിരിക്കും. (മാർച്ച് 30, മാർച്ച് 31, ഏപ്രിൽ 1, ഏപ്രിൽ 2). 2025 മാർച്ച് 30 ഞായറാഴ്ച അവധിയായി കണക്കാക്കും, ഔദ്യോഗിക പ്രവർത്തനം ഏപ്രിൽ 3 വ്യാഴാഴ്ച പുനരാരംഭിക്കും.
അതേസമയം കുവൈത്തിൽ ഈദ് നമസ്കാരത്തിന്‍റെ സമയം പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച പ്രാർത്ഥന നടക്കുന്ന പള്ളികൾക്ക് പുറമേ, രാജ്യത്തുടനീളമുള്ള 57 പ്രാർത്ഥനാ ഹാളുകളിലും രാവിലെ 5:56 ന് ഈദുൽ ഫിത്തർ പ്രാർത്ഥനകൾ നടക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.
വിവിധ ഗവർണറേറ്റുകളിലെ ഈദ് പ്രാർത്ഥനകൾക്കായി മൈതാനങ്ങൾ, യുവജന കേന്ദ്രങ്ങൾ, മാതൃകാ കായിക മൈതാനങ്ങൾ എന്നിവിടങ്ങളിലും പ്രാർത്ഥന സൗകര്യം ഉണ്ടാകുമെന്ന് മതകാര്യ മന്ത്രാലയത്തിലെ മസ്ജിദ് വിഭാഗം അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി ബദർ അൽ ഒതൈബി പ്രസ്താവനയിൽ മന്ത്രാലയം പറഞ്ഞു.
#Kuwaiti #banks #declare #short #Eid #holiday