ഹഫർ അൽ ബാത്ത് : (gcc.truevisionnews.com) സൗദിയിൽ ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി സംസ്കരിച്ചു. പുതുക്കോട്ടൈ, മുത്തുപ്പട്ടണം സ്വദേശി ഷാഹുൽ ഹമീദ്(40) ആണ് കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തിൽ ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്.
സ്വകാര്യ കമ്പനിയിൽ സെയിൽസ്മാനായ ഷാഹുൽ ഹമീദ്, ഹഫർ അൽ ബാത്തിനിൽനിന്നും റഫയിലേക്ക് ട്രക്കിൽ ലോഡുമായി പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
എതിർ ദിശയിൽ വന്ന ട്രക്ക് തെന്നി മാറി ഷാഹുൽ ഹമീദിന്റെ വാഹനത്തിലേക്ക് വന്ന് ഇടിച്ചതിനെ തുടർന്നായിരുന്നു അപകടം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ ഷാഹുൽ ഹമീദ് അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മുഹമ്മദ് ഇബ്രാഹിം, ബൈറോസ് ബീഗം എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ബിസ്മി നിഹാര, മക്കൾ: അഫ്സാന, അനാബിയ, മുഹമ്മദ്.
ഹഫർബാത്ത് ഒഐസിസി പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിൽ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ഷാഹുലിന്റെ മൃതദേഹം സുഹൃത്ത് അബ്ദുൽഖാദറും ബന്ധുക്കളും ചേർന്ന് ഏറ്റെടുത്ത് ഹഫറിൽ കബറടക്കി.
#Car #accident #SaudiArabia #Tragicend #expatriate