മസ്കത്ത്: (gcc.truevisionnews.com) തൊഴിൽ, താമസ നിയമ ലംഘനവുമായി ബന്ധപ്പെട്ട് ബുറൈമി ഗവര്‍ണറേറ്റില്‍നിന്ന് റോയല്‍ ഒമാന്‍ പൊലീസ് 68 പേരെ അറസ്റ്റ് ചെയ്തു.
മഹ്ദ വിലായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടുന്നത്.
ഏഷ്യന്‍, ആഫിക്കന്‍ രാജ്യങ്ങളിൽനിന്നുള്ളവരാണ് പിടിയിലായത്. നിയമ നടപടികള്‍ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള പരിശോധനകൾ വിവിധ ഗവർണറേറ്റുകളിൽ ഊർജിതമായാണ് നടന്നുവരുന്നത്.
നിയമവിധേയമല്ലാത്ത വ്യാപാരം നടത്തുന്നവരെയും കണ്ടെത്താനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധനകൾ 2024 ജനുവരി ഒന്നുമുതൽ വിവിധ പ്രദേശങ്ങളിൽ കർശനമായാണ് നടക്കുന്നത്.
സേഫ്റ്റി ആൻഡ് സെക്യൂരിറ്റി സര്‍വിസസുമായി സഹകരിച്ചാണ് തൊഴില്‍ മന്ത്രാലയം പരിശോധന നടത്തുന്നത്. തൊഴില്‍ വിപണി നിയന്ത്രിക്കുന്നതിനുള്ള വിഷന്‍ 2040 ന്റെ ഭാഗമായാണ് പരിശോധന.
കഴിഞ്ഞ വർഷത്തിന്റെ ആദ്യ പകുതിയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 9,042 തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്.
ഇവരില്‍ 7,612 വിദേശികളെ ശിക്ഷാ നടപടികള്‍ക്കുശേഷം നാടുകടത്തിയതായും തൊഴില്‍ മന്ത്രാലയം അറിയിച്ചു.
യഥാര്‍ഥ സ്പോണ്‍സറില്‍നിന്ന് മാറി മറ്റുള്ളവര്‍ക്കുവേണ്ടി തൊഴിലെടുക്കുന്നതും സ്വന്തം നിലക്ക് തൊഴില്‍ ചെയ്യുന്നതുമെല്ലാം നിയമലംഘനങ്ങളാണ്.
സ്വദേശിവത്കരിച്ച ജോലികളില്‍ ഏര്‍പ്പെടുന്നതും പിടിവീഴാന്‍ കാരണമാകും.
കൃത്യമായ രേഖകള്‍ ഇല്ലാത്തവരും ഉള്ള രേഖകളുടെ കാലാവധി പുതുക്കാത്തവരും നാളെ മുതല്‍ അധികൃതരുടെ വലയില്‍ വീഴും.
#Violationlaborlaw #arrested #Mahdai