#Latest News #Abu Dhabi Supermarket #Junk Food #Healthy Living #UAE News
അബുദാബി: (gcc.truevisionnews.com) അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾക്ക് തടയിടാൻ അബുദാബിയിലെ പ്രധാന സൂപ്പർമാർക്കറ്റുകളിൽ വലിയ മാറ്റം. സ്റ്റോറുകളുടെ പ്രവേശന കവാടങ്ങളിലും ബില്ലിങ് കൗണ്ടറുകൾക്ക് സമീപത്തും വച്ചിരുന്ന ചോക്ലേറ്റുകൾ, മധുരപലഹാരങ്ങൾ, ജങ്ക് ഫുഡ് ഉൽപന്നങ്ങൾ എന്നിവ നീക്കം ചെയ്ത് തുടങ്ങി.
അബുദാബി ഹെൽത്തി ലിവിങ് പ്രോഗ്രാമിന്റെ പുതിയ നിർദേശത്തെ തുടർന്നാണ് ഈ നടപടി. സാധനങ്ങൾ വാങ്ങാൻ ആളുകൾ ഏറെ സമയം ചെലവഴിക്കുന്ന സ്ഥലങ്ങളിൽ നിന്ന് അനാരോഗ്യകരമായ ഉൽപന്നങ്ങൾ നീക്കണമെന്നാണ് നിർദേശം.കൗണ്ടറിൽ ക്യൂ നിൽക്കുന്ന സമയത്ത് കുട്ടികൾ നിർബന്ധിച്ച് ചോക്ലേറ്റും മധുരപലഹാരങ്ങളും വാങ്ങിക്കുന്ന ശീലം പൊതുവെയുണ്ട്.
ഇത്തരം പ്രലോഭനങ്ങൾ ഒഴിവാക്കി അനാവശ്യ ചെലവ് കുറയ്ക്കുകയും ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുകയുമാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യം."പ്രവേശന കവാടങ്ങളിൽ പരസ്യങ്ങളോടെയുള്ള ഓഫർ പാക്കറ്റുകൾ വച്ചിരുന്നത് ശ്രദ്ധ തിരിക്കുമായിരുന്നു.
ഇപ്പോൾ അവിടെ പഴങ്ങളും ആരോഗ്യപ്രദമായ ഉൽപന്നങ്ങളും വയ്ക്കുന്നത് നല്ല മാറ്റമാണ്" എന്ന് സ്വദേശികളും പ്രവാസികളുമായ ഉപഭോക്താക്കൾ പ്രതികരിച്ചു. ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങി പണം കളയുന്ന പ്രവണത കുറയ്ക്കാനും ഈ തീരുമാനം സഹായിക്കുമെന്നാണ് അവരുടെ അഭിപ്രായം.

സൂപ്പർമാർക്കറ്റുകളിലെ ക്രമീകരണത്തിന് പുറമെ ഉൽപന്നങ്ങളുടെ പാക്കറ്റുകളിൽ പോഷകഗുണം വ്യക്തമാക്കുന്ന പ്രത്യേക ലേബലുകളും അവതരിപ്പിച്ചു. ഭക്ഷണത്തിലെ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ് എളുപ്പത്തിൽ മനസ്സിലാക്കി ആരോഗ്യപ്രദമായ തിരഞ്ഞെടുപ്പുകൾ നടത്താൻ ഇത് ഉപഭോക്താക്കളെ സഹായിക്കും. ഇതിനായി താം (TAMM) ആപ്പിന്റെ സേവനവും ലഭ്യമാണ്.
ഫാസ്റ്റ് ഫുഡ് പരസ്യങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം, സ്കൂൾ ഭക്ഷണത്തിനുള്ള കർശന മാനദണ്ഡങ്ങൾ എന്നിവയുൾപ്പെടെ നഗരത്തിൽ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ സംരക്ഷണ ദൗത്യത്തിന്റെ ഭാഗമായാണ് സൂപ്പർമാർക്കറ്റ് നിർദേശവും.
Content Highlight: Abu Dhabi Removes Junk Food From Supermarket Checkouts: Healthy Living Initiative
#Latest News #Abu Dhabi Supermarket #Junk Food #Healthy Living #UAE News





























