#Fire #Abu Dhabi #Zayed Port
അബുദാബി: (https://gcc.truevisionnews.com/) അബുദാബിയിലെ സായിദ് പോർട്ടിന് സമീപമുള്ള പ്രശസ്തമായ കാർപെറ്റ് സൂക്കിൽ വൻ തീപിടിത്തം റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം.
തീ നിയന്ത്രണവിധേയമാക്കാനും സ്ഥിതിഗതികൾ ശാന്തമാക്കാനുമുള്ള തീവ്രശ്രമത്തിലാണ് അബുദാബി പൊലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും. അപകടത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ച ഉടൻ തന്നെ ഫയർഫോഴ്സിന്റെയും എമർജൻസി വിഭാഗത്തിന്റെയും പ്രത്യേക സംഘങ്ങൾ സംഭവസ്ഥലത്തേക്ക് എത്തിയിരുന്നു. മറ്റ് ഭാഗങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ സ്ഥലത്ത് തുടരുകയാണ്.
തീപിടിത്തം ഉണ്ടായ പ്രദേശത്തിന് സമീപമുള്ള റോഡുകളിലെ ഗതാഗതത്തെ ഇത് ബാധിച്ചിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. അബുദാബി പൊലീസും മറ്റ് സുരക്ഷാ വിഭാഗങ്ങളും ചേർന്ന സംയുക്ത സംഘമാണ് നിലവിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
അപകടസ്ഥലത്തേക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഇതിനകം എത്തിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അതേസമയം തീപിടിത്തവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലോ മറ്റോ ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത വിവരങ്ങളും ദൃശ്യങ്ങളും പങ്കുവെക്കരുതെന്ന് അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഔദ്യോഗിക ചാനലുകൾ വഴി പുറത്തുവിടുന്ന കൃത്യമായ വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.
Content Highlight: Massive fire breaks out near Abu Dhabi's Zayed Port; efforts underway to bring it under control





































