#LATEST NEWS #DINAR #Bahrain
മനാമ: (gcc.truevisionnews.com) ചാരിറ്റി പ്രവർത്തനങ്ങൾക്കായി നീക്കിവെച്ച ലക്ഷക്കണക്കിന് ദിനാർ തട്ടിയെടുത്ത ജഫാരി എൻഡോവ്‌മെന്റ് ഉദ്യോഗസ്ഥൻ ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നു. പൊതുഫണ്ട് വകമാറ്റൽ, ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഫിനാൻഷ്യൽ ക്രൈംസ് ആൻഡ് മണി ലോണ്ടറിംഗ് പ്രോസിക്യൂഷൻ മേധാവി അറിയിച്ചു.
അർഹരായ ഗുണഭോക്താക്കൾക്ക് നൽകേണ്ടിയിരുന്ന സഹായധനം ഉദ്യോഗസ്ഥൻ ദീർഘകാലമായി സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് വകമാറ്റുകയായിരുന്നു.വ്യാജ പേരുകളിൽ അപേക്ഷകൾ തയാറാക്കി, ബന്ധപ്പെട്ട കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ച് ചെക്കുകൾ കൈക്കലാക്കിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് മറച്ചുവെക്കാൻ എൻഡോവ്‌മെന്റിലെ ഇലക്ട്രോണിക് സിസ്റ്റത്തിൽ കയറി വിവരങ്ങൾ തിരുത്തുകയും ചെയ്തു.
നാഷണൽ ഓഡിറ്റ് ഓഫീസും, ആന്റി-കറപ്ഷൻ ക്രൈംസ് ഡയറക്ടറേറ്റും നടത്തിയ സംയുക്ത അന്വേഷണത്തിൽ പ്രതി 483,107 ബഹ്‌റൈൻ ദിനാർ തട്ടിയെടുത്തതായി കണ്ടെത്തി. ഈ പണം ഉപയോഗിച്ച് ഇയാൾ ആഡംബര വാഹനങ്ങളും സ്വത്തുക്കളും വാങ്ങിക്കൂട്ടി. ഇതിനു പുറമെ 58,000 ദിനാർ കൂടി തട്ടിയെടുക്കാൻ ഇയാൾ ശ്രമിച്ചെങ്കിലും അധികൃതർ കൃത്യസമയത്ത് ഇടപെട്ട് അത് തടഞ്ഞു.
സംഭവത്തെത്തുടർന്ന് പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ, സ്വത്തുക്കൾ, മറ്റ് ആസ്തികൾ എന്നിവ മരവിപ്പിക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള പ്രതിയുടെ വിചാരണ ഈ മാസം 30-ന് ഫസ്റ്റ് ഹൈ ക്രിമിനൽ കോടതിയിൽ ആരംഭിക്കും.
Content Highlight: Bahrain official arrested for embezzling 500,000 dinars from charity fund




































