#Latest News #Abudabi #Midday Rest Law #UAE
അബുദാബി: (gcc.truevisionnews.com) യുഎഇയിൽ പ്രവാസികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് പുറംജോലി തൊഴിലാളികൾക്ക് വലിയ ആശ്വാസമേകി ഈ വർഷത്തെ മധ്യാഹ്ന വിശ്രമ നിയമം പ്രഖ്യാപിച്ചു.
കടുത്ത വേനൽച്ചൂടിൽ നിന്നും തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ജൂൺ 15 മുതൽ നിർബന്ധിത ഉച്ചവിശ്രമം പ്രാബല്യത്തിൽ വരുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
സെപ്റ്റംബർ 15 വരെയുള്ള മൂന്ന് മാസക്കാലമാണ് ഈ നിയമം തുടരുക. ഇതനുസരിച്ച് ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 3.00 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.
തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി 'ഒക്യുപേഷണൽ ഹീറ്റ് സ്ട്രെസ് പ്രിവൻഷൻ പോളിസി'യുടെ ഭാഗമായി 2004 മുതൽ രാജ്യം വിജയകരമായി നടപ്പിലാക്കി വരുന്ന പദ്ധതിയാണിത്. അസ്ഥിരമായ കാലാവസ്ഥയ്ക്കും അപ്രതീക്ഷിത മഴയ്ക്കും ശേഷമുള്ള തണുപ്പുള്ള വസന്തകാലം കഴിഞ്ഞ് യുഎഇ ഇപ്പോൾ കടുത്ത വേനലിലേക്ക് കടന്നിരിക്കുകയാണ്.

കഴിഞ്ഞ ആഴ്ചകളിൽ തന്നെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു. ഈ സാഹചര്യത്തിൽ മധ്യാഹ്ന വിശ്രമ നിയമം ലംഘിച്ച് ഉച്ചസമയത്ത് തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്ന കമ്പനികൾക്കെതിരെ കനത്ത പിഴയടക്കമുള്ള കർശന നടപടികളുണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും ഒരു തൊഴിലാളിക്ക് 5,000 ദിർഹം വീതവും, ഒന്നിലധികം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ പരമാവധി 50,000 ദിർഹം (ഏകദേശം 11.3 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വരെയും പിഴ ഈടാക്കാനാണ് തീരുമാനം.
വരും ദിവസങ്ങളിൽ ചൂട് ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ തൊഴിൽ മേഖലകളിൽ കൃത്യമായ പരിശോധന ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlight: UAE lunch break law to come into effect from June 15




































