ദുബൈ: (gcc.truevisionnews.com) നഗരത്തിലെ റോഡുകളിൽ അശ്രദ്ധമായും അമിത ശബ്ദമുണ്ടാക്കിയും വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ദുബൈ പൊലീസ്. താമസക്കാരുടെ സമാധാനജീവിതത്തിന് തടസ്സം നിൽക്കുന്ന ഡ്രൈവർമാരെ ലക്ഷ്യമിട്ട് നടപ്പിലാക്കിയ ‘ശാന്തമായ റോഡുകൾ’ എന്ന പ്രത്യേക ക്യാമ്പയിന്റെ ഭാഗമായാണ് ഈ നടപടി.
നിയമലംഘനം നടത്തിയ 1,230 വാഹനങ്ങൾ പൊലീസ് പിടിച്ചെടുക്കുകയും മുപ്പതിനായിരത്തിലധികം ആളുകൾക്ക് പിഴ ചുമത്തുകയും ചെയ്തു. നഗരത്തിലെ ശബ്ദമലിനീകരണം കുറയ്ക്കാനും റോഡ് സുരക്ഷ വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഈ ദൗത്യത്തിന് നേതൃത്വം നൽകുന്നത്.
വാഹനങ്ങളിൽ നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തുന്നതും ജനവാസ മേഖലകളിൽ അനാവശ്യമായി ഹോൺ മുഴക്കുന്നതും അഭ്യാസപ്രകടനങ്ങൾ നടത്തുന്നതും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പൊലീസ് പരിശോധന കർശനമാക്കിയത്.
പിടിച്ചെടുത്ത വാഹനങ്ങളിൽ ഭൂരിഭാഗവും അനധികൃതമായി രൂപമാറ്റം വരുത്തിയവയാണ്. കൂടാതെ ഹോണുകളും സൗണ്ട് സിസ്റ്റങ്ങളും ദുരുപയോഗം ചെയ്തതിനും അശ്രദ്ധമായി വാഹനമോടിച്ചതിനും നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മോട്ടോർ സൈക്കിളുകളും ഇലക്ട്രിക് ബൈക്കുകളും ഉൾപ്പെട്ട മുപ്പതിനായിരത്തോളം നിയമലംഘനങ്ങളാണ് ക്യാമ്പയിന്റെ ഭാഗമായി കണ്ടെത്തിയത്.
പൊതുജനങ്ങളിൽ നിന്നുള്ള പരാതികളും പ്രത്യേക ഹോട്ട്‌സ്‌പോട്ടുകളെ കേന്ദ്രീകരിച്ചു നടത്തിയ നിരീക്ഷണങ്ങളും നിയമലംഘകരെ പിടികൂടാൻ പൊലീസിനെ സഹായിച്ചു. സമൂഹത്തിന്റെ ക്ഷേമത്തെയും സുരക്ഷിതത്വത്തെയും ബാധിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും ഇനി അങ്ങോട്ടും ഉണ്ടാകുകയെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രഗേഡിയർ ജുമ സലിം ബിൻ സുവൈദാൻ വ്യക്തമാക്കി.
സുരക്ഷിതവും ശാന്തവുമായ ഒരു യാത്രാസംസ്കാരം വളർത്തിയെടുക്കുകയാണ് ഈ നീക്കത്തിലൂടെ ദുബൈ പൊലീസ് ലക്ഷ്യമിടുന്നത്.
Dubai Police fines more than 33,000 people



























.jpeg)






