അബുദാബി: (gcc.truevisionnews.com) മേഖലയിലെ പ്രത്യേക സാഹചര്യങ്ങളെത്തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ശേഷം യുഎഇയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങുന്നു. യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് (ജിസിഎഎ) ഇക്കാര്യം അറിയിച്ചത്. സുരക്ഷാ മുൻകരുതലുകൾ പാലിച്ച് ആസൂത്രിതമായ നീക്കങ്ങളിലൂടെയാണ് സർവീസുകൾ പുനഃസ്ഥാപിക്കുന്നത്.
യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് രാജ്യം പ്രഥമ പരിഗണന നൽകുന്നതെന്ന് സാമ്പത്തിക മന്ത്രിയും ജിസിഎഎ ചെയർമാനുമായ അബ്ദുല്ല ബിൻ തൗഖ് അൽ മറി പറഞ്ഞു. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലും കൃത്യമായ ബദൽ പാതകളിലൂടെ പരിമിതമായ സർവീസുകൾ നടത്തി യാത്രാ സൗകര്യം ഉറപ്പാക്കാൻ യുഎഇക്ക് സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
മാർച്ച് 1 മുതൽ 12 വരെയുള്ള കണക്കുകൾ പ്രകാരം 1.4 ദശലക്ഷത്തിലേറെ (14 ലക്ഷം) യാത്രക്കാരാണ് യുഎഇയിലെ വിവിധ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തത്. ഇക്കാലയളവിൽ 7,839 വിമാന സർവീസുകൾ രാജ്യത്തെ വ്യോമപാതയിലൂടെ കടന്നുപോയി. ദേശീയ വിമാനക്കമ്പനികൾ നിലവിൽ അവയുടെ പ്രവർത്തനക്ഷമതയുടെ 44.6 ശതമാനത്തോളം വീണ്ടെടുത്തുകഴിഞ്ഞു. വരും ദിവസങ്ങളിൽ ഇത് പൂർണതോതിലാകും.
യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സമയക്രമം ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദേശിച്ചു. ഈ റമസാൻ കാലത്ത് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതൽ സൗകര്യങ്ങൾ വിമാനത്താവളങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
Air services back to normal 1.4 million people travelled in 12 days

































