റിയാദ്: (gcc.truevisionnews.com) മക്കയിലും മദീനയിലും ലൈസൻസില്ലാതെ തീർഥാടകരെയും വിനോദസഞ്ചാരികളെയും താമസിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി സൗദി ടൂറിസം മന്ത്രാലയം. നിയമലംഘനം നടത്തുന്ന കെട്ടിട ഉടമകൾക്ക് ഒരു 10 ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഹജ്ജ് സീസണിന് മുന്നോടിയായി അനുവദിക്കുന്ന ‘താൽക്കാലിക ലോഡ്ജ്’ ലൈസൻസുകൾ ദുരുപയോഗം ചെയ്യുന്നതും ലൈസൻസിങ് വ്യവസ്ഥകൾ ലംഘിക്കുന്നതും ശ്രദ്ധയിൽപ്പെട്ടാൽ, പിഴ ഈടാക്കുന്നതിന് പുറമെ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. മക്കയിലെയും മദീനയിലെയും കെട്ടിട ഉടമകൾ ലൈസൻസില്ലാതെ തീർഥാടകരെ താമസിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് മന്ത്രാലയം പ്രത്യേകം ഓർമിപ്പിച്ചു.
തീർഥാടകരെ പാർപ്പിക്കുന്നതിനായി നൽകുന്ന താൽക്കാലിക ലോഡ്ജ് ലൈസൻസുകൾ ഹജ്ജ് സീസണിൽ മാത്രമാണ് ഉപയോഗിക്കേണ്ടത്. ഹജ്ജ് കാലയളവിൽ താമസസൗകര്യങ്ങളുടെ ശേഷി വർധിപ്പിക്കുന്നതിനായി ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളുടെ ഓപറേറ്റർമാർക്ക് മന്ത്രാലയം പുതിയ സേവനം ആരംഭിച്ചിട്ടുണ്ട്.
എന്നാൽ ഇതിെൻറ സാധുത ഹജ്ജ് സീസണിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളിൽ മക്കയിലെയും മദീനയിലെയും ഹോട്ടലുകളിലും ലോഡ്ജുകളിലും മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കും.

താമസസൗകര്യങ്ങളുടെ ഗുണനിലവാരവും ലൈസൻസിങ് ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് പരിശോധനകൾ കർശനമാക്കുന്നത്. തീർഥാടകർക്ക് മികച്ച സേവനം നൽകുന്നതിനും, അവർക്ക് സമാധാനത്തോടെയും സുരക്ഷിതമായും ആരാധനാകർമങ്ങൾ നിർവഹിക്കാനുള്ള സൗകര്യം ഒരുക്കുന്നതിനും വേണ്ടിയാണ് ഈ നടപടികളെന്നും ടൂറിസം മന്ത്രാലയം അറിയിച്ചു.
Content Highlight: Saudi Ministry of Tourism issues warning to building owners






























