ഉമ്മുൽഖുവൈൻ : ( gcc.truevisionnews.com ) ഇലക്ട്രിക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന 10 വയസ്സുകാരൻ അപകടത്തിൽ മരിച്ചു. ഉമ്മുൽഖുവൈനിലാണ് ദാരുണ സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി 10ന് കിങ് ഫൈസൽ സ്ട്രീറ്റിലാണ് അപകടമുണ്ടായത്.
റോഡിലൂടെ ഇ-സ്കൂട്ടർ ഓടിക്കുകയായിരുന്ന കുട്ടിയെ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസിന്റെ ഓപ്പറേഷൻസ് റൂമിലേക്ക് അടിയന്തര കോൾ വന്നു. ട്രാഫിക് പട്രോളുകളും നാഷനൽ ആംബുലൻസ് സംഘവും ഉടൻ തന്നെ സ്ഥലത്തെത്തി. ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് വാഹനമോടിച്ച ഏഷ്യൻ പൗരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചതായി പൊലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ അപകടം നടക്കുമ്പോൾ കുട്ടി ഇലക്ട്രിക് സ്കൂട്ടർ ഗതാഗത ദിശയ്ക്ക് എതിരായി ഓടിക്കുകയായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. അത്താഴം കഴിക്കുന്നതിനിടെ വീട്ടുകാർ അറിയാതെ മൂത്ത സഹോദരന്റെ ഇ-സ്കൂട്ടർ കുട്ടി എടുത്തുകൊണ്ടുപോവുകയായിരുന്നുവെന്ന് കുടുംബാംഗം പറഞ്ഞു.
കുട്ടിയുടെ വീട്ടിൽ അഞ്ച് സഹോദരങ്ങൾ കൂടിയുണ്ട്. അപകടത്തിൽപ്പെട്ട വാഹനം പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വളരെ കുറഞ്ഞ വേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നതെന്നും കുടുംബാംഗം കൂട്ടിച്ചേർത്തു. കാറുമായി കൂട്ടിയിടിച്ചതിനെ തുടർന്നല്ല കുട്ടി മരിച്ചതെന്നും എന്നാൽ ഇടിയുടെ ആഘാതത്തിൽ റോഡരികിലെ നടപ്പാതയിലേക്ക് തെറിച്ചുവീണതാണ് ഗുരുതരമായ തലയ്ക്ക് പരുക്കിനും രക്തസ്രാവത്തിനും മരണത്തിനും കാരണമായതെന്നും കുടുംബം അറിയിച്ചു.
tragic e scooter accident claims life of 10 year in umm al quwain


































