കുവൈത്ത് സിറ്റി: [gcc.truevisionnews.com] മഴ ശമിച്ച സന്ധ്യയിൽ ഇളംതണുപ്പിനെ സംഗീതത്തിന്റെ ആവേശത്തിലേക്ക് നയിച്ച് അബ്ബാസിയ സെൻട്രൽ സ്‌കൂൾ ഓപ്പൺ ഓഡിറ്റോറിയം. റോക് ഫെസ്റ്റ് 2025 സംഗീതോത്സവത്തിന് കലാപൂർണ തുടക്കമായി, വേദിയിലേക്കുയർന്ന ഗായകരും കലാകാരന്മാരും സദസ്സിനെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.
കുവൈത്തിലെ പ്രശസ്ത ഗായികയും ഗൾഫ് മാധ്യമം ‘സിങ് കുവൈത്ത്’ മത്സരത്തിലെ രണ്ടാം സ്ഥാനക്കാരിയുമായ റൂത്ത് അവതരിപ്പിച്ച ഗാനത്തോടെയാണ് ഫെസ്റ്റിന് ഔദ്യോഗിക തുടക്കം കുറിച്ചത്. തുടർന്ന് കെ.ടി.എയിലെ കുട്ടികൾ അവതരിപ്പിച്ച ഒപ്പനയും ജാക്സൺസ് സ്‌പാർക്ലർ ടീമിന്റെ നൃത്താവിഷ്‌കാരങ്ങളും സദസ്സിന് മനോഹരമായ കലാവിരുന്നായി.
യുവതലമുറയുടെ പ്രിയഗായകൻ ഹനാൻഷയും സംഘവും വേദിയിലെത്തിയതോടെ സംഗീതോത്സവത്തിന് പുതുജീവൻ ലഭിച്ചു. ഹനാൻഷയുടെ സ്വന്തം ഗാനങ്ങളോടൊപ്പം ജനപ്രിയ സിനിമാഗാനങ്ങളും അരങ്ങേറിയപ്പോൾ, തിങ്ങിനിറഞ്ഞ സദസ്സ് പാട്ടിനൊപ്പം ഇളകിമറിഞ്ഞു.
‘ചിറാപുഞ്ചി മഴയത്ത്’, ‘ഇൻസാലിലെ ലാവണ്യക്കൊട്ടാരത്തിൽ’, ‘ലോകസിനിമയിലെ നീയേ പുഞ്ചിരി’ തുടങ്ങിയ ഗാനങ്ങൾ കേൾവിക്കാരെ സംഗീതലഹരിയിലാക്കി. കുവൈത്തിലെ ഇളംതണുപ്പുള്ള രാത്രി പാട്ടിന്റെയും ആവേശത്തിന്റെയും ചൂടിൽ മുങ്ങിയപ്പോൾ, റോക് ഫെസ്റ്റ് 2025 സംഗീതപ്രേമികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമായി.
Rock Fest 2025, Kuwait

































