Nov 23, 2025 11:05 AM

ദുബായ് : (gcc.truevisionnews.com) ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ (ഡിഎസ്എഫ്) 31-ാം പതിപ്പിന് ഡിസംബർ അഞ്ചിന് തിരശ്ശീല ഉയരും. 2026 ജനുവരി 11 വരെ നീണ്ടുനിൽക്കുന്ന 38 ദിവസത്തെ ഈ മഹോത്സവം സാംസ്കാരിക പരിപാടികൾ, റീട്ടെയിൽ ഓഫറുകൾ, സംഗീത വിരുന്നുകൾ എന്നിവയാൽ സമൃദ്ധമായിരിക്കും.

ദുബായ് സാമ്പത്തിക–ടൂറിസം വകുപ്പിന് കീഴിലുള്ള ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ് ആണ് ഈ വിരുന്നിന് വേദിയൊരുക്കുന്നത്. വിനോദം, ഷോപ്പിങ്, സംസ്കാരം എന്നിവയെ ഒറ്റ അനുഭവമായി കൂട്ടിയിണക്കി നഗരോത്സവങ്ങൾക്ക് ഒരു പുതിയ നിലവാരം സൃഷ്ടിക്കുകയാണ് ഈ തവണത്തെ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ പ്രധാന ലക്ഷ്യം.

നഗരം ഒട്ടാകെ നടക്കുന്ന ഡ്രോൺ ഷോകൾ, വെടിക്കെട്ട്, ‌നറുക്കെടുപ്പുകൾ, നൂറുകണക്കിന് റീട്ടെയിൽ ഓഫറുകൾ എന്നിവ മാളുകളിലും നഗരത്തിലുടനീളവും ലഭ്യമാക്കും. ഡിഐഎഫ്സി, സിറ്റി വാക്ക്, ദി ഔട്ട്‌ലെറ്റ് വില്ലേജ് എന്നിവിടങ്ങളിലെ ഉയർന്നുവരുന്ന ഡിസൈനർമാരെയും ആഡംബര ബ്രാൻഡുകളെയും ഫെസ്റ്റിവൽ മുൻനിരയിൽ എത്തിക്കും.

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ നട്ടെല്ലായ ഷോപ്പിങ് മേഖലയിൽ ഈ വർഷം 1,000-ൽ അധികം ബ്രാൻഡുകളും 3,500 സ്റ്റോറുകളും 75% വരെ കിഴിവുകൾ വാഗ്ദാനം ചെയ്യും. ഡിഎസ്എഫ് ലക്കി രസീത്, 12 മണിക്കൂർ ഫ്ലാഷ് സെയിൽസ്, ‘സ്കാൻ ആൻഡ് വിൻ’, ദിനംപ്രതി സർപ്രൈസുകൾ എന്നിവയുൾപ്പെടെ ക്യാമ്പെയ്നുകളാണ് ഈ വർഷം പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 5 മുതൽ ജനുവരി 11 വരെ ബ്ലൂ വാട്ടേഴ്സിലും ജെ.ബി.ആറിലെ ദി ബീച്ചിലും നടക്കുന്ന വൻ ഡ്രോൺ ഷോകൾ ഡിഎസ്എഫ് ചരിത്രത്തിലെ ഏറ്റവും വലിയ ആകാശ പ്രദർശനമായി മാറും.

ആകർഷണങ്ങളും വിനോദങ്ങളും

ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ ഡിസംബർ 13-ന് റെഡ് ബുൾ ടെട്രിസിന്റെ വേൾഡ് ഫൈനലുകൾക്ക് വേദിയൊരുക്കും. ഡിസംബർ 5 മുതൽ 31 വരെ ഹത്തയിൽ ‘ഹത്ത എക്സ്’ എന്ന മനോഹരമായ പർവതാനുഭവവും ഇത്തവണത്തെ സവിശേഷതയാണ്. ജനുവരിയിൽ മടങ്ങിയെത്തുന്ന ‘ഓട്ടോ സീസൺ’ 10 ദിവസത്തേക്ക് കാർ സംസ്കാരത്തിന്റെ ആഘോഷം കൊണ്ടുവരും.

കൂടാതെ, 16,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ ഏഴ് ഇൻഫ്ലാറ്റബിൾ സോണുകളും ലോകത്തിലെ ഏറ്റവും വലിയ ‘ബൗൺസ് ഹൗസും’ ഉൾപ്പെടുന്ന കുടുംബങ്ങളുടെ പ്രിയങ്കരമായ 'ദി ബിഗ് ബൗൺസി'യും തിരിച്ചെത്തും. പുതുവത്സര രാത്രി ബ്ലൂ വാട്ടേഴ്‌സ്, ജെ.ബി.ആർ, ഹത്ത, അൽ സീഫ് എന്നിവിടങ്ങളിലെ വെടിക്കെട്ടുകളോടെ ദുബായുടെ ആഗോള അവധിക്കാല സ്ഥാനം വീണ്ടും ഉറപ്പിക്കും.

30 വർഷത്തിലേറെയായി ദുബായുടെ സൃഷ്ടിശേഷിയെയും ആവേശത്തെയും ആത്മാവിനെയും ഡിഎസ്എഫ് പ്രതിഫലിക്കുന്നതായി ഡി.എഫ്.ആർ.ഇ സിഇഒ അഹമ്മദ് അൽ ഖാജ അഭിപ്രായപ്പെട്ടു. ജീവിക്കാനും, ജോലി ചെയ്യാനും, സന്ദർശിക്കാനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരം ദുബായ് എന്ന സന്ദേശം ആഗോളതലത്തിൽ ശക്തിപ്പെടുത്തുകയാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യം. വിപുലമായ ഔട്ട്‌ഡോർ ഡൈനിങ് തീമുകളും ഷെഫ്‌സിന്റെ പ്രത്യേക പാചക അനുഭവങ്ങളും ഉൾപ്പെടെയുള്ളവ ഈ വർഷവും ഷോപ്പിങ് ഫെസ്റ്റിവലിന്റെ മുഖ്യാകർഷണമായി തുടരും.

Surprises all over the city Dubai Shopping Festival to kick off on December 5

Next TV

Top Stories










News Roundup