റാസല്‍ഖൈമ: (gcc.truevisionnews.com) സൈബര്‍ കുറ്റകൃത്യങ്ങളുടെയും അതിക്രമങ്ങളുടെയും അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ ബോധവത്കരണം നടത്തുന്നതിൻ്റെ ഭാഗമായി റാക് അല്‍റംസ് പൊലീസ് കസ്റ്റമര്‍ കൗണ്‍സില്‍സ് സംഘടിപ്പിച്ചു. വർധിച്ചു വരുന്ന സൈബർ തട്ടിപ്പുകളിൽ നിന്നും കുട്ടികളെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം കൗൺസിൽസ് ചർച്ച ചെയ്തു.
അല്‍റംസ് കോംപ്രിഹെന്‍സിവ് പൊലീസ് സ്റ്റേഷന് മേധാവി കേണല്‍ അഹ്മദ് അല്‍ മസൂദ് അല്‍ ഷെഹിയാണ് ബോധവത്കരണ പരിപാടിക്ക് നേതൃത്വം നൽകിയത്. സൈബര്‍ കുറ്റവാളികളുടെ പ്രധാന ലക്ഷ്യം സ്കൂള്‍ വിദ്യാര്‍ഥികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
"ഇലക്ട്രോണിക് ഗെയിമുകള്‍, ഇന്റര്‍നെറ്റ് ആക്സസ് എന്നിവയില്‍ വിദ്യാര്‍ഥികള്‍ അതീവ തല്പരരായത് സൈബര്‍ കുറ്റവാളികൾ മുതലെടുക്കുന്നു," കേണൽ ഷെഹി പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകാതെ സ്വയം രക്ഷപ്പെടുന്നതിനെക്കുറിച്ചും കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിൽ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതിനെക്കുറിച്ചും കൗൺസിൽസിൽ വിശദമായ ചർച്ച നടന്നു. സൈബർ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്ന ഇത്തരം പരിപാടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു.
വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധപൂര്‍വമായ ബോധവത്കരണ പരിപാടികള്‍ തുടര്‍ച്ചയായി നടത്തേണ്ടതുണ്ടെന്നും അദ്ദേഹം തുടര്‍ന്നു. രഹസ്യമായും വിദൂരത്തിരുന്നും കുറ്റവാളികള്‍ വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ചുള്ള സൈബര്‍ കവര്‍ച്ചയും കുറ്റകൃത്യങ്ങളും ആസൂത്രണം ചെയ്യുന്നത് സമൂഹം തിരിച്ചറിയണം. എല്ലാതരം കുറ്റകൃത്യങ്ങളും അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന അന്തരീക്ഷം സംജാതമാകണം. രക്ഷിതാക്കൾ കുട്ടികളെ ബോധവത്കരിക്കുന്നതിലും നിരീക്ഷിക്കുന്നതിലും ജാഗ്രത പുലര്‍ത്തണം.
സമൂഹത്തിലും വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടും പ്രവര്‍ത്തിക്കുന്ന സൈബര്‍ കുറ്റവാളികളെ വലയിലാക്കാന്‍ റാക് പൊലീസ് ജാഗരൂകരാണ്. റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കുന്നതിനും രഹസ്യ സ്വഭാവത്തോടെ അവയെ കൈകാര്യം ചെയ്യുന്നതിനും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ വേഗത്തില്‍ കൈകാര്യം ചെയ്യുന്നതിനും മുഴുസമയവും പ്രവര്‍ത്തനനിരതരാണെന്നും അധികൃതര്‍ വ്യക്തമാക്കി.
നടപടിക്രമങ്ങളിൽ ഉദ്യോഗസ്ഥ ഇടപെടലുകൾ കുറക്കുന്നതിനെക്കുറിച്ചും മികച്ച സേവനങ്ങള്‍ വേഗത്തിൽ ഉപഭോക്താക്കൾക്ക് നല്‍കുന്നത് സംബന്ധിച്ചും കസ്റ്റമര്‍ കൗണ്‍സില്‍ വിശദമായി ചര്‍ച്ച ചെയ്തു.
Beware of the lurking cyber threats; Rak Al Rams Police Station raises awareness