റിയാദ്: (gcc.truevisionnews.com) കഴിഞ്ഞ ദിവസം സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബുവിൽ ഹൃദയാഘാതം മൂലം മരിച്ച കൊച്ചി തോപ്പുംപടി സ്വദേശി പീടിയേക്കൽ വീട്ടിൽ അനീഷ് ആന്റണിയുടെ (40) മൃതദേഹം നാളെ (വ്യാഴാഴ്ച്ച) നാട്ടിലെത്തിക്കും. ജിദ്ദ വിമാനത്താവളത്തിൽ നിന്ന് ഗൾഫ് എയർ വിമാനത്തിൽ പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. തോപ്പുംപടി സെന്‍റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിക്ക് സംസ്കരണം നടത്താനാണ് തീരുമാനമെന്ന് ബന്ധുക്കൾ അറിയിച്ചു.
അൽ ഖസീമിൽ ജോലി ചെയ്യുന്ന അനീഷ് ആന്റണി ജോലിയുടെ ഭാഗമായി യാംബുവിലെത്തിയതായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ നെഞ്ചുവേദനയെ തുടർന്ന് താമസസ്ഥലത്ത് ബോധധരഹിതനായ അനീഷിനെ ഉടൻ ആശുപത്രിയിലെത്തിക്കാൻ കൂടെയുള്ളവർ 'റെഡ്ക്രസന്റ്' വിഭാഗത്തിന്റെ സഹായം തേടുകയായിരുന്നു. അവരെത്തി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലായിരുന്നു മരണം.
പിതാവ്: ആന്റണി പീടിയേക്കൽ ജോർജ്, മാതാവ്: ഉഷ, ഭാര്യ: ജോജി, മകൾ: അന്ന മരിയ, സഹോദരി: അനിത ആന്റണി. ആന്റണി ജോലി ചെയ്യുന്ന യു.പി.സി കമ്പനി അധികൃതരും കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി നേതാക്കളടക്കമുള്ള സാമൂഹിക പ്രവർത്തകരും നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.
The body of a Malayali man who died of a heart attack in Saudi Arabia will be brought home tomorrow