ദുബൈ: (gcc.truevisionnews.com) എല്ലാ വിമാനങ്ങളിലും പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള എമിറേറ്റ്സ് എയർലൈൻസിന്‍റെ പുതിയ മാര്‍ഗനിര്‍ദ്ദേശം ഇന്ന് മുതല്‍ നിലവില്‍ വന്നു. യാത്രക്കാർക്ക് നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു പവർ ബാങ്ക് കൈയ്യിൽ കരുതാൻ ഇപ്പോഴും അനുമതിയുണ്ടെങ്കിലും വിമാനത്തിനുള്ളിൽ ഒരു കാരണവശാലും ഈ ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് എയർലൈൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ ഒന്ന് മുതല്‍ നിബന്ധന പ്രാബല്യത്തില്‍ വരുമെന്ന് നേരത്തെ എയര്‍ലൈൻ അറിയിച്ചിരുന്നു.
ലിഥിയം ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കുന്നതിനായി ഈ വർഷം ആദ്യം പ്രഖ്യാപിച്ച പുതിയ സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ ഓർമ്മപ്പെടുത്തൽ. പവർ ബാങ്ക് ഉപയോഗിച്ച് മൊബൈൽ ഫോണുകളോ മറ്റ് ഉപകരണങ്ങളോ ചാർജ് ചെയ്യാനോ, വിമാനത്തിലെ വൈദ്യുതി സ്രോതസ്സുകൾ ഉപയോഗിച്ച് പവർ ബാങ്ക് ചാർജ് ചെയ്യാനോ അനുവാദമുണ്ടായിരിക്കില്ല. യാത്രക്കാർക്ക് ചില നിബന്ധനകളോടെ ഒരു പവർ ബാങ്ക് കൈവശം വെക്കാൻ അനുമതിയുണ്ട്. എന്നാല്‍ ക്യാബിനിലിരിക്കുമ്പോള്‍ ഇത് ഉപയോഗിക്കരുത്.
പുതിയ നിബന്ധനകള്‍
- എമിറേറ്റ്സ് യാത്രക്കാർക്ക് 100Wh-ൽ താഴെ ശേഷിയുള്ള ഒരു പവർ ബാങ്ക് കൈവശം വെക്കാം.
- വിമാനത്തിനുള്ളിൽ വ്യക്തിഗത ഉപകരണങ്ങൾ ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ ഉപയോഗിക്കാൻ പാടില്ല.
- വിമാനത്തിലെ വൈദ്യുതി സ്രോതസ്സുകൾ ഉപയോഗിച്ച് പവർ ബാങ്ക് ചാർജ് ചെയ്യുന്നത് അനുവദനീയമല്ല.
- യാത്രയിൽ കൊണ്ടുപോകുന്ന എല്ലാ പവർ ബാങ്കുകൾക്കും അതിന്റെ ശേഷി വ്യക്തമാക്കുന്ന വിവരങ്ങൾ ഉണ്ടായിരിക്കണം.
- പവർ ബാങ്കുകൾ വിമാനത്തിലെ ഓവർഹെഡ് സ്റ്റോവേജ് ബിന്നിൽ വെക്കാൻ പാടില്ല. പകരം, സീറ്റ് പോക്കറ്റിലോ മുന്നിലുള്ള സീറ്റിനടിയിലെ ബാഗിലോ വെക്കണം.
- ചെക്ക്-ഇൻ ലഗേജിൽ പവർ ബാങ്കുകൾ അനുവദനീയമല്ല (നിലവിലുള്ള നിയമം).
- എല്ലാ വിമാനങ്ങളിലെയും സീറ്റുകളിൽ ചാർജിംഗ് സൗകര്യം ലഭ്യമാണെന്ന് എമിറേറ്റ്‌സ് അറിയിച്ചു. എങ്കിലും, പ്രത്യേകിച്ചും ദീർഘദൂര വിമാനങ്ങളിൽ, യാത്രക്കാർ വിമാനത്തിൽ കയറുന്നതിന് മുമ്പ് ഉപകരണങ്ങൾ പൂർണ്ണമായി ചാർജ് ചെയ്യണമെന്ന് എയർലൈൻ അറിയിച്ചു.
വ്യോമയാന മേഖലയിൽ ലിഥിയം ബാറ്ററികൾ ഉൾപ്പെട്ട സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, വിശദമായ സുരക്ഷാ അവലോകനത്തിന് ശേഷമാണ് ഈ തീരുമാനമെന്ന് എയർലൈൻ പറയുന്നു. ലിഥിയം-അയൺ അല്ലെങ്കിൽ ലിഥിയം-പോളിമർ സെല്ലുകൾ ഉപയോഗിക്കുന്ന പവർ ബാങ്കുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ, നിലവാരം കുറഞ്ഞ നിർമ്മാണം, അല്ലെങ്കിൽ അമിതമായി ചാർജ് ചെയ്യുകയോ ചെയ്താൽ തീപിടുത്ത സാധ്യതയുണ്ട്. വിമാനത്തിനുള്ളിൽ ഇവയുടെ ഉപയോഗം നിരോധിക്കാനുള്ള തീരുമാനം, അപൂർവമായി ബാറ്ററി തകരാറോ തീപിടിത്തമോ ഉണ്ടായാൽ വേഗത്തിൽ പ്രതികരിക്കുന്നത് ഉറപ്പാക്കാനുള്ള മുൻകരുതൽ നടപടിയാണെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കി.
New guidelines from now on; Emirates Airline issues important warning