കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ ഈ വാരാന്ത്യത്തിൽ അസാധാരണമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. പകൽ സമയങ്ങളിൽ അതിതീവ്ര ചൂടും, രാത്രിയിൽ പോലും ചൂടുള്ള കാലാവസ്ഥയും ആയിരിക്കുമെന്ന് വകുപ്പ് അറിയിച്ചു.
ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്‍റെ സ്വാധീനമാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി വിശദീകരിച്ചു. ഈ സാഹചര്യത്തിൽ വരണ്ടതും അതീവ ചൂടുള്ളതുമായ വായുപ്രവാഹം രൂപപ്പെടുന്നുണ്ട്. വടക്കുപടിഞ്ഞാറ് ദിശയിൽ നിന്നുള്ള നേർതോ മിതമായതോ ആയ കാറ്റ് ചില സമയങ്ങളിൽ ശക്തിയേറിയതായി മാറും.
ഇതിന്റെ ഫലമായി തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റ് വീശാനും കടൽക്ഷോഭം രൂപപ്പെടാനുമുള്ള സാധ്യതയെപ്പറ്റിയും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. വെള്ളിയാഴ്ച കുവൈത്തിൽ ഏറ്റവും കൂടിയ താപനില 49 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും, കുറഞ്ഞത് 36 ഡിഗ്രിയിലേക്കാണ് താഴുന്നത്. ശനിയാഴ്ച 48 ഡിഗ്രി സെൽഷ്യസാണ് ഉയര്‍ന്ന താപനില പ്രതീക്ഷിക്കുന്നത്, കുറഞ്ഞത് 34 ഡിഗ്രി സെൽഷ്യസ്.
Unusually hot weather over the weekend possibility of dust storms and rough seas warning in Kuwait