ഷാർജ : (gcc.truevisionnews.com) ഷാർജയിലെ അൽ മജാസ് 2 ഏരിയയിൽ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള ഇന്ത്യക്കാരി മരിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. കെട്ടിടത്തിൽ ഒരു പ്രത്യേക ചടങ്ങ് നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. പതിനൊന്ന് നിലകളുള്ള ഒരു റസിഡൻഷ്യൽ കെട്ടിടത്തിന്റെ എട്ടാം നിലയിലെ ഒരു ഫ്ലാറ്റിലാണ് തീപിടിത്തം ഉണ്ടായത്.
രാത്രി 10.45ന് വിവരം ലഭിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് സംഘം, പൊലീസ്, ആംബുലൻസ് എന്നിവ ഉടൻ സ്ഥലത്തെത്തി. മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഫൊറൻസിക് ലാബോറട്ടറിയിലേക്ക് മാറ്റി. തീപിടിത്തം മറ്റ് ഫ്ലാറ്റുകളിലേക്ക് വ്യാപിക്കാതിരുന്നത് വലിയ അപകടം ഒഴിവാക്കി.
മുൻകരുതൽ എന്ന നിലയിൽ കെട്ടിടത്തിന്റെ എട്ടാം നില പൂർണമായും ഒഴിപ്പിക്കുകയും സുരക്ഷാ പരിശോധനകൾ പൂർത്തിയാകുന്നത് വരെ താമസക്കാർക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു. ദുരന്തത്തിന് ശേഷം കെട്ടിടത്തിലെ താമസക്കാർക്ക് താൽക്കാലിക താമസസൗകര്യമോ മറ്റ് സഹായങ്ങളോ കെട്ടിട മാനേജ്‌മെന്റ് നൽകിയില്ലെന്ന് ഒരു താമസക്കാരൻ പരാതിപ്പെട്ടു.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനും സുരക്ഷാ ലംഘനങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച ഇന്ത്യക്കാരിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
Fire breaks out in Sharjah flat Expatriate woman dies tragically