അബുദാബി: (gcc.truevisionnews.com) ഡ്രൈവിങ്ങിനിടെ ശ്രദ്ധ വ്യതിചലിക്കുന്നത് ഒരു നിമിഷം കൊണ്ട് അപകടങ്ങൾ വരുത്തിവയ്ക്കും, ചിലപ്പോൾ ജീവൻ പോലും നഷ്ടമായേക്കാം. സ്റ്റിയറിങ് വീലിന് പിന്നിൽ ശ്രദ്ധ നഷ്ടപ്പെടുന്നത് എത്രത്തോളം അപകടകരമാണെന്ന് യുഎഇ പൊലീസും റോഡ് സുരക്ഷാ വിദഗ്ധരും നിരന്തരം മുന്നറിയിപ്പ് നൽകാറുണ്ട്.
യുഎഇയുടെ 'അപകടങ്ങളില്ലാത്ത വേനൽക്കാലം' എന്ന പ്രചാരണത്തിന്റെ ഭാഗമായി ശ്രദ്ധ വ്യതിചലിച്ചുള്ള ഡ്രൈവിങ് കാരണം സംഭവിച്ച രണ്ട് അപകടങ്ങളുടെ 33 സെക്കൻഡ് ദൈർഘ്യമുള്ള ഞെട്ടിപ്പിക്കുന്ന വിഡിയോ ക്ലിപ്പ് അബുദാബി പൊലീസ് പുറത്തുവിട്ടു. ഒന്നാമത്തെ സംഭവത്തിൽ അതിവേഗ പാതയിലൂടെ വരുന്ന ഒരു വെള്ള എസ്‌യുവിക്ക് മുന്നിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ നീണ്ട നിര ശ്രദ്ധിക്കാൻ ഡ്രൈവർക്ക് കഴിഞ്ഞില്ല. മുന്നിലുണ്ടായിരുന്ന മറ്റൊരു എസ്‌യുവിയിൽ ഇടിച്ച ശേഷം വാഹനം പെട്ടെന്ന് നിന്നു.
രണ്ടാമത്തെ അപകടം ഇതിലും ഭീകരമാണ്. അതിവേഗത്തിൽ വരുന്ന ഒരു കറുത്ത എസ്‌യുവിക്ക്, ആദ്യത്തെ രണ്ട് പാതകളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ കാണാൻ കഴിഞ്ഞില്ല. കൂട്ടിയിടി ഒഴിവാക്കാൻ അതിവേഗ പാതയിൽ നിന്ന് രണ്ടാം പാതയിലേക്ക് വെട്ടിച്ചെങ്കിലും ആദ്യ പാതയിലുണ്ടായിരുന്ന ഒരു കാറിൽ തട്ടി, പിന്നീട് രണ്ടാം പാതയിലെ മറ്റൊരു എസ്‌യുവിയിലേക്ക് ഇടിച്ചുകയറി.
ഇടിയുടെ ആഘാതത്തിൽ ഇടിക്കപ്പെട്ട വാഹനം മറിയുകയും ശ്രദ്ധയില്ലാത്ത ഡ്രൈവറുടെ എസ്‌യുവി റോഡിന്റെ വലതുവശത്തെ സുരക്ഷാ വേലിയിലേക്ക് ഇടിച്ചുകയറി നിൽക്കുകയും ചെയ്തു.
If you are not careful your life will be lost Abu Dhabi Police releases road accident footage