ദോഹ: തണുപ്പും ശീതക്കാറ്റും വിട്ട് ഖത്തറിലെ അന്തരീക്ഷ താപനില ഉയർന്നു തുടങ്ങി. പെരുന്നാളിനു പിന്നാലെ ചൊവ്വാഴ്ച മുതൽ രാജ്യത്തെ താപനില ഉയർന്നു. ചൊവ്വാഴ്ച 37 ഡിഗ്രി വരെയാണ് ചൂട് രേഖപ്പെടുത്തിയത്. മിതമായ കാലാവസ്ഥായിൽ നിന്നും പെട്ടന്നുള്ള മാറ്റം സംബന്ധിച്ച് ഖത്തർ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.
ഉച്ചയോടെ താപനിലയിൽ 22 ഡിഗ്രി മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയുള്ള ഉയർന്ന താപനിലയിലേക്ക് മാറി. ഷഹാനിയ, അൽ ഗുവൈരിയ, മികൈനീസ്, അൽ കറാന തുടങ്ങിയ മേഖലകളിലാണ് 37 ഡിഗ്രി രേഖപ്പെടുത്തിയത്.
പെരുന്നാൾ ദിനമായ ഞായറാഴ്ച 30 ഡിഗ്രിയായിരുന്നു രാജ്യത്തെ ഏറ്റവും ഉയർന്ന താപനില. ഇതാണ് രണ്ടു ദിവസത്തിനുള്ളിലായി ഏഴ് ഡിഗ്രിയോളം ഉയർന്നത്. വരും ദിവസങ്ങളിലും പതിയെ താപനില ഉയരുമെന്ന് അധികൃതർ അറിയിച്ചു. ബുധനാഴ്ച 35 ഡിഗ്രിവരെ ഉയരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നൽകി.
#heat #started #increase #temperature #recorded #Tuesday #degrees