മസ്‌കത്ത് : (gcc.truevisionnews.com) റമസാനിലെ വൈകുന്നേരങ്ങളില്‍ അമിതവേഗത്തിൽ വാഹനമോടിക്കുന്നത് അപകടങ്ങള്‍ക്കിടയാക്കുമെന്നും ഡ്രൈവര്‍മാര്‍ പ്രത്യേക ശ്രദ്ധിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ്. അതേസമയം, മുൻ വർഷങ്ങളെ അപേക്ഷിച്ച് റമസാനിലെ ആദ്യ ദിവസങ്ങളില്‍ രാജ്യത്ത് വലിയ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇഫ്‌താറിന് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനുള്ള ശ്രമത്തിനിടെ അമിതവേഗത്തില്‍ വാഹനമോടിക്കുന്നവര്‍ അപകടത്തിൽ പെടാന്‍ സാധ്യതയേറെയാണ്. ദൂരെ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ ഓഫിസില്‍ നിന്ന് ഇറങ്ങി അമിതവേഗത്തില്‍ വാഹനമോടിച്ച് പോവുകയാണ്.
ഈ സമയങ്ങളിലാണ് അപകടങ്ങള്‍ കൂടുതൽ. ഉച്ചയ്ക്ക് രണ്ടു മുതല്‍ മൂന്നു മണി വരെയുള്ള സമയങ്ങളിലാണ് അപകടങ്ങള്‍ ഏറെയും സംഭവിക്കുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വൈകുന്നേരങ്ങളില്‍ അമിതവേഗത്തിൽ വാഹനമോടിക്കുന്നത് അപകടങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യം കഴിഞ്ഞ വർഷങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് റമസാന്‍ ആദ്യത്തില്‍ തന്നെ മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയത്. വൈകിയാണെങ്കിലും ഇഫ്‌താറിന് കുടുംബത്തോടൊപ്പം ചേരുന്നതിന് വേഗം കുറച്ചുള്ള ഡ്രൈവിങ് ആണ് ഗുണകരമെന്ന് അധികൃതർ പറയുന്നു.
ഇഫ്‌താര്‍ സമയങ്ങളില്‍ വേഗം കൂടുന്നതും മറ്റു വാഹനങ്ങളെ ശ്രദ്ധിക്കാത്തെയുള്ള ഡ്രൈവിങ്ങും വാഹനങ്ങള്‍ തെറ്റായി മറികടക്കലുമെല്ലാം അപകടങ്ങളുടെ പ്രധാന കാരണങ്ങളാണ്. വീടുകളെ ലക്ഷ്യമാക്കി നീങ്ങുന്നവരും താമസസ്ഥത്തു നിന്ന് ടെന്റുകളെ ലക്ഷ്യമാക്കി വരുന്നവരും കൂടിയാകുന്നതോടെ വാഹനങ്ങളുടെ തിരക്ക് വർധിക്കുന്ന കാഴ്ചയാണ് വൈകുന്നേര സമയങ്ങളിലുള്ളത്.
രാത്രികാലങ്ങളിലെ ഉറക്കമിളപ്പും അപകടങ്ങൾക്കു കാരണമാകുന്നു. രാത്രിയിലെ പ്രാർഥനയ്ക്ക് എത്തുന്നവർ ക്രമരഹിതമായി വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതും ഗതാഗത ബുദ്ധിമുട്ടുണ്ടാക്കും.
മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക, കൃത്യമായ അകലം പാലിക്കുക, സിഗ്‌നലുകളിൽ അടക്കം ട്രാഫിക് നിയമങ്ങള്‍ അനുസരിച്ച് മാത്രം വാഹനമോടിക്കുക തുടങ്ങിയ നിർദേശങ്ങളും ഇതിനോടൊപ്പം ഡ്രൈവര്‍മാര്‍ക്ക് മുന്നില്‍ വെക്കുന്നു. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് ആവശ്യമായ സമയത്തേക്കാള്‍ കുറച്ച് നേരത്തേതന്നെ പുറപ്പെടാനും അപകടങ്ങളെ അകറ്റി നിർത്താനുള്ള വഴികളിൽ പ്രധാനപ്പെട്ടതാണ്.
#RoyalOmanPolice #warns #dangers #speeding #during #Ramadan