(gcc.truevisionnews.com) യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കിയതും യുഎഇ ഇന്ത്യയെ അറിയിച്ചത് വൈകിയെന്ന് സൂചന. കഴിഞ്ഞ മാസം പതിനാലിനാണ് വധശിക്ഷ നടപ്പാക്കാൻ പോകുന്ന കാര്യം മകൻ വിളിച്ചറിയിച്ചതെന്ന് മലയാളികളിലൊരാളായ പിവി മുരളീധരൻറെ അച്ഛൻ കേശവൻ അറിയിച്ചു.
യുഎഇയിൽ വധശിക്ഷ വിധിച്ച 29 ഇന്ത്യക്കാരാണ് ജയിലിലുള്ളതെന്നാണ് അടുത്തിടെ വിദേശകാര്യമന്ത്രാലയം പാർലമെൻറിനെ അറിയിച്ചത്.
കാസർഗോഡ് സ്വദേശി പിവി മുരളീധരൻ, തലശ്ശേരിയിലെ മുഹമ്മദ് റിനാഷ് എന്നിവരുടെ വധശിക്ഷ നടപ്പാക്കിയതായാണ് വിദേശകാര്യമന്ത്രാലയം ഇന്നലെ അറിയിച്ചത്. യുഎഇ സർക്കാർ ഫെബ്രുവരി 28നാണ് കേന്ദ്രത്തെ ഇക്കാര്യം അറിയിച്ചത്.
മകൻ വിളിച്ച് ശിക്ഷ നടപ്പാക്കാൻ പോകുന്ന കാര്യം പറഞ്ഞിരുന്നു എന്ന് മുരളീധരൻറെ അച്ഛൻ അറിയിച്ചു. തിരൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിലാണ് മുരളീധരൻ അറസ്റ്റിലായത്.
കൊല്ലപ്പെട്ടയാളുടെ കുടുംബത്തോട് അടക്കം മോചനത്തിനായി സംസാരിച്ചിരുന്നു. രാഷ്ട്രീയ നേതാക്കളെയും ബന്ധപ്പെട്ടിരുന്നു. സംസ്കാരത്തിന് യുഎഇയിലേക്ക് പോകുന്നില്ലെന്നും കുടുംബം അറിയിച്ചു.
കഴിഞ്ഞ പതിനഞ്ചിനാണ് യുപി സ്വദേശി ഷഹ്സാദി ഖാൻറെ വധശിക്ഷ നടപ്പാക്കിയത്. മുരളീധരൻറെയും മുഹമ്മദ് റിനാഷിൻറെയും വധശിക്ഷയും ഇതേ ദിവസം നടപ്പാക്കി എന്നാണ് സൂചന. എന്നാൽ യുഎഇയിൽ നിന്ന് ഇന്ത്യയ്ക്ക് വിവരം കിട്ടിയത് 28നാണ്.
യുഎഇ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് റിനാഷിന് വധശിക്ഷ വിധിച്ചത്. സംസ്കാരത്തിന് പോകുന്ന കുടുംബങ്ങൾക്ക് സൗകര്യം ഒരുക്കും എന്ന് വിദേശകാര്യ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു.
#indications #UAE #late #informing #India #about #execution #two #Malayalis #UAE.