ദുബൈ:(gcc.truevisionnews.com)നവജാത ശിശുക്കളുടെ മെഡിക്കൽ പരിശോധനകളുമായി ബന്ധപ്പെട്ട് പൊതു-സ്വകാര്യ ആശുപത്രികൾക്ക് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി ആരോഗ്യ, പ്രതിരോധ മന്ത്രാലയം.
രാജ്യത്ത് ജനിക്കുന്ന കുഞ്ഞുങ്ങളുടെ മെഡിക്കൽ പരിശോധനാ നടപടിക്രമങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ദേശീയതലത്തിൽ പുതിയ മാർഗനിർദേശങ്ങൾ അധികൃതർ പുറത്തുവിട്ടത്.
നവജാത ശിശുക്കൾക്ക് ആവശ്യമായ ലബോറട്ടറി, ക്ലിനിക്കൽ പരിശോധനകളുടെ പട്ടിക തയാറാക്കുന്നതിലൂടെയും രാജ്യവ്യാപകമായി റഫറൻസ് ലബോറട്ടറികൾ തിരിച്ചറിയുന്നതിലൂടെയും തുടക്കത്തിലെയുള്ള ആരോഗ്യ സങ്കീർണതകൾ തടയാൻ സഹായിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
രക്ത പരിശോധന, ജനിതക രോഗനിർണയം, മെറ്റാബോളിക്, എൻഡോക്രൈൻ ഡിസോർഡർ, കേൾവി വൈകല്യങ്ങൾ, ഹൃദയ വൈകല്യങ്ങൾ, മറ്റ് ഗുരുതര വൈകല്യങ്ങൾ എന്നിവക്കുള്ള സൂക്ഷ്മ പരിശോധനകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളാണ് പുതിയ മാർഗനിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ ആശുപത്രികളിലും ഈ മാർഗനിർദേശങ്ങൾ നടപ്പിലാക്കാനാണ് ആരോഗ്യ, പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. അതോടൊപ്പം കുഞ്ഞുങ്ങളിലെ ജനിതക രോഗങ്ങളുടെ ഡാറ്റബേസ് തയാറാക്കുകയും നവജാത ശിശുക്കൾക്ക് വേണ്ടിയുള്ള പരിശോധനകളുടെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുകയും ചെയ്യും.
നവജാത ശിശുക്കളുടെ ആരോഗ്യത്തിന് മുന്തിയ പരിഗണന ഉറപ്പുവരുത്തുന്നതിനൊപ്പം സമഗ്രമായ പ്രതിരോധ ആരോഗ്യ ചികിത്സ സേവനങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ പ്രദാനം ചെയ്യുകയുമാണ് ലക്ഷ്യമെന്ന് ആരോഗ്യ, പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അബ്ദുൽ റഹ്മാൻ അൽ റാന്ദ് പറഞ്ഞു.
രോഗപ്രതിരോധം പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ പ്രായത്തിലുമുള്ളവർക്കും ആരോഗ്യപരമായ ജീവിത ശീലങ്ങളെ പിന്തുണക്കുന്നതിനുമായി മികച്ച ആരോഗ്യരക്ഷ സംവിധാനങ്ങൾ നൽകാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#medical #examination #new #born- #child #new #guidelines #issued #hospitals