ജിദ്ദ: (gcc.truevisionnews.com) ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ സൗദി അറേബ്യയിലേക്ക് എത്തിത്തുടങ്ങി. തീർഥാടനത്തിന്റെ ആദ്യദിനം തന്നെ ഇന്ത്യ, പാകിസ്ഥാൻ, തുർക്കി, മലേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നായി മുപ്പതോളം വിമാനങ്ങളാണ് ജിദ്ദ, മദീന വിമാനത്താവളങ്ങളിലായി ഇറങ്ങിയത്.
തീർഥാടകർക്ക് ഏറ്റവും സുഗമമായ യാത്രയൊരുക്കാൻ ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
തീർഥാടകർക്ക് ഏറെ ആശ്വാസകരമായ 'മക്ക റൂട്ട്' പദ്ധതി ഇത്തവണയും സജീവമാണ്. വിമാനത്താവളങ്ങളിലെ നീണ്ട നിര ഒഴിവാക്കി, സ്വന്തം നാട്ടിൽ വെച്ചുതന്നെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുന്നു.
ബംഗ്ലാദേശിൽ നിന്നുള്ള തീർഥാടകരാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തി ഇത്തവണ ആദ്യമെത്തിയത്. ജിദ്ദയിൽ വിമാനമിറങ്ങിയാലുടൻ പാസ്‌പോർട്ട് കൗണ്ടറുകളിൽ കാത്തുനിൽക്കാതെ തന്നെ ഇവർക്ക് നിശ്ചയിച്ച ബസുകളിലേക്ക് പ്രവേശിക്കാം.
തീർഥാടകരുടെ ലഗേജുകൾ അവരുടെ താമസസ്ഥലങ്ങളിൽ നേരിട്ട് എത്തിക്കുന്നതിനായി ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഹജ്ജ് സേവനങ്ങളിൽ സാങ്കേതികവിദ്യയുടെ ഉപയോഗം തീർഥാടകർക്ക് വലിയ അനുഗ്രഹമാകുമെന്ന് ഗതാഗത ലോജിസ്റ്റിക് മന്ത്രി സ്വാലിഹ് ബിൻ നാസർ അൽ ജാസിർ വ്യക്തമാക്കി.
30 flights arrive in Saudi Arabia on first day of Hajj pilgrimage




































