അബുദാബി: (gcc.truevisionnews.com) യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരുംദിവസങ്ങളിൽ കാലാവസ്ഥയിൽ കാര്യമായ മാറ്റമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശം ഭാഗികമായോ പൂർണമായോ മേഘാവൃതമായിരിക്കുമെന്നും ഇന്നു മുതൽ രാജ്യത്ത് താപനിലയിൽ കുറവ് അനുഭവപ്പെടുമെന്നുമാണ് പ്രവചനം. പുലർച്ചെ മുതൽ തീരദേശ മേഖലകളിലും വടക്കൻ പ്രദേശങ്ങളിലും ചില ദ്വീപുകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
ഇന്ന് മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുള്ളതായും അധികൃതർ മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റ് വീശുന്നത് കാരണം മണൽക്കാറ്റിനും അതുവഴി അന്തരീക്ഷത്തിൽ കാഴ്ചപരിധി കുറയുന്നതിനും സാധ്യതയുണ്ട്.
അതിനാൽ വാഹനയാത്രക്കാരും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. വരുംദിവസങ്ങളിൽ തീരദേശങ്ങളിൽ ഉയർന്ന താപനില 27 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയാകാനാണ് സാധ്യത. എന്നാൽ ഉൾനാടൻ പ്രദേശങ്ങളിൽ ഇത് 35 ഡിഗ്രി വരെ ഉയർന്നേക്കാം. മലയോര മേഖലകളിൽ രാത്രികാലങ്ങളിൽ തണുപ്പ് 11 ഡിഗ്രി വരെ താഴാനും സാധ്യതയുണ്ട്.
കടൽ അതീവ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും കടൽയാത്രക്കാരും ജാഗ്രത പാലിക്കണം. അറബിക്കടലിലും ഒമാൻ കടലിലും തിരമാലകൾ ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത വേണം. നാളെയും ബുധനാഴ്ചയും ആകാശം ഭാഗികമായി മേഘാവൃതമായി തുടരുമെങ്കിലും ശക്തമായ കാറ്റ് തുടരാൻ തന്നെയാണ് സാധ്യത. എന്നാൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും മഴയെത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
Weather change in UAE Chance of rain and strong winds Caution issued




























