ദോഹ: ഖത്തറിൽ തൊഴിൽ തട്ടിപ്പിനിരയായ ഇന്ത്യൻ വനിതകളെ ഖത്തറിലെ ഇന്ത്യൻ എംബസി ഇടപെട്ട് നാട്ടിലേക്ക് തിരിച്ചയച്ചു. തൊഴിൽ വാഗ്ദാനം ചെയ്ത് ഖത്തറിൽ എത്തിച്ച 6 ഇന്ത്യൻ സ്ത്രീകളെയാണ് കഴിഞ്ഞദിവസം എംബസി നാട്ടിലേക്ക് തിരിച്ചയച്ചത്.
ഖത്തറിലെ ഇന്ത്യൻ എംബസി സമൂഹമാധ്യമത്തിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. തൊഴിൽ തേടി ഖത്തറിലെത്തിയ ഇവർ തട്ടിപ്പ് തിരിച്ചറിയുകയും ഇന്ത്യൻ എംബസിയിൽ അഭയം തേടുകയുമായിരുന്നു.
ഖത്തർ നടപടിക്രമം അനുസരിച്ച് നിയമനടപടികൾ പൂർത്തിയാക്കുകയും ഇവരെ തിരിച്ചയക്കുകയുമായിരുന്നു. തൊഴിൽ തട്ടിപ്പിനിരയായ സ്ത്രീകളുടെ വിശദവിവരങ്ങൾ എംബസി പുറത്തുവിട്ടിട്ടില്ല. എംബസിയിൽ ഹാജരായ 6 പേരിൽ വീട്ടുജോലിക്കായി എത്തിയവരും ഉണ്ടെന്നാണ് അറിയുന്നത്. സ്ത്രീകളിൽ അധികം ആളുകളും ആന്ധ്രപ്രദേശിൽ നിന്നുള്ളവരാണ്.
ഖത്തറിൽ നിലവിലുള്ള ഓൺ അറൈവൽ വീസ ഉപയോഗപ്പെടുത്തി വ്യക്തികളും ഏജൻസികളും തൊഴിൽ തട്ടിപ്പ് നടത്തുന്ന വാർത്ത ഇതിനുമുമ്പും പുറത്തുവന്നിരുന്നു. സോഷ്യൽ മീഡിയയും മറ്റു സംവിധാനങ്ങൾ ഉപയോഗിച്ച് ഖത്തറിൽ തൊഴിൽ അവസരങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട് ചെയ്തുകൊണ്ടാണ് ഇവർ ഇരകളെ വലയിലാക്കുന്നത്.
മാസങ്ങൾക്ക് മുൻപ് തമിഴ്നാട്ടിൽ നിന്നുള്ള 30ൽ അധികം ആളുകൾ ഏജന്റിന്റെ ചതിയിൽ പെടുകയും എംബസിയിൽ പരാതിയുമായി എത്തുകയും ചെയ്തിരുന്നു. പിന്നീട് എംബസി ഇടപെടലിലൂടെ അവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കുകയായിരുന്നു.
അവരിൽ നിന്നും ലക്ഷക്കണക്കിന് രൂപയാണ് ഏജന്റ് കൈപ്പറ്റിയിരുന്നത്. ഖത്തറിൽ തൊഴിൽ തേടിയെത്തുന്നതിന് മുൻപ് വീസയുടെ സ്റ്റാറ്റസും റിക്രൂട്ട് ചെയ്യുന്ന സ്ഥാപനത്തെക്കുറിച്ചും വിശദമായ അന്വേഷണം നടത്തിയാൽ ഒരു പരിധിവരെ ഇത്തരം തട്ടിപ്പുകളിൽ പെടുന്നത് ഒഴിവാക്കാൻ സാധിക്കും.
#victims #job #scam #qatar #sent #backhome