കുവൈത്ത് സിറ്റി: സഭാനിലെ എയർഫോഴ്സ് ബറ്റാലിയനിൽനിന്ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഒരു സൈനിക ക്യാപ്റ്റന് ഗുരുതരമായി പരുക്കേറ്റു. ഉദ്യോഗസ്ഥൻ വാഹനത്തിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. പെട്ടെന്ന് നായ്ക്കൾ അദ്ദേഹത്തെ ആക്രമിക്കുകയും ഗുരുതരമായി പരുക്കേൽപ്പിക്കുകയുമായിരുന്നു.
സംഭവം നടന്ന ഉടൻതന്നെ സഹപ്രവർത്തകർ ഇടപെട്ട് അദ്ദേഹത്തെ നായ്ക്കളിൽനിന്ന് രക്ഷിച്ചു. ഗുരുതരമായി പരുക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻ ജാബർ അൽ-അഹമ്മദ് സായുധ സേന ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം ഇതേ പ്രദേശത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഒരു കുട്ടിക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. കുട്ടിയെ അൽ-അദാൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ സംഭവത്തിന് 48 മണിക്കൂറിനുള്ളിലാണ് സൈനിക ഉദ്യോഗസ്ഥന് നേരെയും ആക്രമണം നടന്നത്.
അബ്ബാസിയ, മങ്കെഫ് തുടങ്ങിയ മേഖലകളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. തുടർച്ചയായുള്ള ആക്രമണങ്ങൾ ജനങ്ങളിൽ ആശങ്ക വർദ്ധിപ്പിക്കുകയും ഈ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തിട്ടുണ്ട്.
#straydogattacked #military #officer #Kuwait #he #seriously #injured