ദോഹ: (gcc.truevisionnews.com) റമദാൻ ആദ്യ പത്തും കടന്ന് സജീവമായിക്കഴിഞ്ഞു. വിശ്വാസികൾ രാവിലും പകലിലും പ്രാർഥനകളും നിത്യവൃത്തികളും ഒപ്പം ആഘോഷങ്ങളെ വരവേൽക്കാനുള്ള ഒരുക്കങ്ങളിലുമായി.
ഇതിനിടയിൽ സുരക്ഷ സംബന്ധിച്ച് ബോധവത്കരണം സജീവമാക്കുകയാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം. റമദാനിൽ ശേഷിക്കുന്ന ദിനങ്ങളിൽ റോഡുകളിലും നഗരങ്ങളിലും മാളുകളിലും പള്ളികളിലുമെല്ലാം തിരക്ക് കൂടുമ്പോൾ സുരക്ഷയിൽ വിട്ടുവീഴ്ച വേണ്ടെന്ന് അധികൃതർ ഓർമപ്പെടുത്തുന്നു.
റോഡ് അപകടങ്ങൾ ഒഴിവാക്കാൻ കൂടുതൽ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു. കഴിഞ്ഞ ദിവസങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും, നഗരത്തിന് പുറത്തും വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇഫ്താർ സമയത്തിന് മുമ്പത്തെ അമിത വേഗത്തിലും ധിറുതിയിലുമുള്ള യാത്ര ഒഴിവാക്കാൻ അധികൃതർ നിർദേശിക്കുന്നു. റോഡുകളിൽ സ്പീഡ് ലിമിറ്റ് പാലിച്ചും, സുരക്ഷ മുൻകരുതലുകളെടുത്തും നിർദേശങ്ങൾ ഉൾക്കൊണ്ടും മാത്രം ഡ്രൈവ് ചെയ്യുക. യാത്രക്കിടെ ഇഫ്താറിനോ, സുഹൂറിനോ സമയമായാൽ വാഹനം പാർക്കിങ്ങിലോ, ഒഴിഞ്ഞ സ്ഥലങ്ങളിലോ നിർത്തി ഭക്ഷണം കഴിച്ച ശേഷം മാത്രം തുടരുക.
യാത്രക്കിടയിൽ കഴിക്കുന്നത് ഒഴിവാക്കണം. നോമ്പ് നോറ്റുകൊണ്ടുള്ള ഡ്രൈവിങ്ങിനിടയിലും ശ്രദ്ധിക്കണം. ക്ഷീണം, ഉറക്കം ഉൾപ്പെടെയുള്ള സാഹചര്യങ്ങളിലെ ഡ്രൈവിങ് ഒഴിവാക്കുക. ഇത് ഡ്രൈവിങ്ങിൽനിന്ന് ശ്രദ്ധ തെറ്റാനും അപകടങ്ങൾ വരുത്താനും ഇടയാക്കും.
കാൽനട യാത്രക്കാർ റോഡ് മുറിച്ചുകടക്കുമ്പോൾ ശ്രദ്ധിക്കുക. പ്രത്യേകിച്ചും തിരക്കേറിയ സമയങ്ങളിലെ ക്രോസിങ്ങിൽ അതി ജാഗ്രത പാലിക്കുക. നോമ്പുകാലങ്ങളിൽ വൈകുന്നേരങ്ങളിൽ കുട്ടികൾ പുറത്തിറങ്ങി കളികളിൽ ഏർപ്പെടുമ്പോഴും ശ്രദ്ധിക്കുക.
താമസ മേഖലകളിലെ ചെറു റോഡുകളിലും മറ്റും ഇറങ്ങി കളിക്കുന്നത് അപകടത്തിന് വഴിവെക്കും.
തീപിടിത്തത്തിനെതിരെ ജാഗ്രത
ആരാധനകളാൽ സജീവമാകുന്ന റമദാനിൽ അടുക്കളക്കും തിരക്കൊഴിയുന്നില്ല. സാധാരണ ദിവസങ്ങളേക്കാൾ കൂടുതൽ ഭക്ഷണം പാചകം ചെയ്യുന്ന കാലംകൂടിയാണ് റമദാൻ.
പാചകങ്ങൾ വർധിക്കുന്നതിനനുസരിച്ച്, അടുക്കളയിൽ തീപിടിത്തത്തിനും മറ്റു ഗാർഹിക അപകടങ്ങൾക്കും സാധ്യത വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷിതമായ പാചകം ഉറപ്പുവരുത്താൻ നിർദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം.
സുരക്ഷിതവും അനുഗൃഹീതവുമായ റമദാൻ ഉറപ്പാക്കാൻ, പാചകം ചെയ്യുമ്പോഴും വൈദ്യുത ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോഴും മുൻകരുതലുകൾ എടുക്കണമെന്ന് ആഭ്യന്തരമന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. വീടുകളിൽ ശരിയായ അഗ്നിശമന ഉപകരണമുണ്ടെന്ന് ഉറപ്പാക്കുക.
തീ പിടിക്കാതിരിക്കാൻ അടുക്കളയിൽ നൈലോൺ മിശ്രിത വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കുക. അടുക്കള, ചൂടുള്ള പ്രതലങ്ങൾ, കത്തുന്ന വസ്തുക്കൾ, വൈദ്യുതോർജ സ്രോതസ്സുകൾ എന്നിവയിൽനിന്ന് കുട്ടികളെ അകറ്റിനിർത്തുക.
എണ്ണപ്പാത്രത്തിൽ തീ പടർന്നാൽ, തീ പടരുമ്പോൾ പാത്രത്തിലേക്ക് വെള്ളം ഒഴിക്കുന്നത് ഒഴിവാക്കുക. പാത്രത്തിൽ ഏറ്റവും അടുത്തുള്ള കട്ടിയുള്ള മൂടി വെച്ചോ ഫയർ ബ്ലാങ്കറ്റ് കൊണ്ടോ കത്തുന്ന പാത്രം മൂടുക.
മാലിന്യ പാത്രത്തിൽ തീ ഉണ്ടായാൽ, തീ പടരാതിരിക്കാൻ കത്തുന്ന മാലിന്യ പാത്രം നനഞ്ഞ തുണികൊണ്ട് ഉടൻ മൂടുക. പാചക വാതക ചോർച്ചയുണ്ടെന്ന് സംശയിക്കുന്നുവെങ്കിൽ, ചോർന്ന വാതകത്തിന്റെ സാന്ദ്രത കുറക്കുന്നതിന് ഉടൻതന്നെ എല്ലാ വാതിലുകളും ജനലുകളും തുറക്കുക.
#vigilant #road #kitchen #QatarMinistry #Interior #issues #safety #guidelines