ദുബൈ: (gcc.truevisionnews.com) ദുബൈയും ഇന്ത്യയും തമ്മിലുള്ള വ്യാപാര-നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത പ്രത്യേക യോഗം ചേർന്നു.
ദുബൈ ചേംബേഴ്സും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും തമ്മിൽ നടന്ന ഈ കൂടിക്കാഴ്ചയിൽ സാമ്പത്തിക സഹകരണം വിപുലീകരിക്കുന്നതിനുള്ള നിർണ്ണായക പദ്ധതികളാണ് ചർച്ചയായത്.
ദുബൈ ചേംബേഴ്സ് പ്രസിഡന്റും സി.ഇ.ഒയുമായ മുഹമ്മദ് അലി റാശിദ് ലൂത്ത, സി.ഐ.ഐ ഡയറക്ടർ ജനറൽ ചന്ദ്രജിത്ത് ബാനർജി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ഫിൻടെക്, മെഡ്ടെക്, അഗ്രിടെക് തുടങ്ങിയ അത്യാധുനിക മേഖലകളിൽ സംയുക്ത പ്രവർത്തനപദ്ധതികൾ തയ്യാറാക്കാൻ യോഗത്തിൽ ധാരണയായി.
ഇതിനുപുറമെ വിദ്യാഭ്യാസം, കൃഷി, ഭക്ഷ്യോൽപന്നങ്ങൾ എന്നീ മേഖലകളിലും സഹകരണം ഉറപ്പാക്കും. ദുബൈയെ ഒരു ആഗോള ബിസിനസ് ഹബ്ബായി പ്രയോജനപ്പെടുത്തി ഇന്ത്യൻ കമ്പനികൾക്ക് അന്താരാഷ്ട്രതലത്തിൽ വളരാൻ ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ ചേംബർ പ്രതിജ്ഞാബദ്ധമാണെന്ന് മുഹമ്മദ് അലി റാശിദ് ലൂത്ത വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഏപ്രിലിൽ ഇരു സംഘടനകളും ഒപ്പുവെച്ച ധാരണാപത്രത്തിന്റെ തുടർച്ചയായാണ് ഈ പുതിയ നീക്കങ്ങൾ. ഇന്ത്യൻ സംരംഭകർക്ക് ദുബൈയിൽ ബിസിനസ് ആരംഭിക്കുന്നതിനും അത് വിജയകരമായി വികസിപ്പിക്കുന്നതിനും ആവശ്യമായ സേവനങ്ങളും പ്രോത്സാഹനവും നൽകുക എന്നതാണ് ഈ സഹകരണത്തിന്റെ പ്രധാന ലക്ഷ്യം.
ഇന്ത്യയും ദുബൈയും തമ്മിലുള്ള ദീർഘകാല ബന്ധം പുതിയ സാമ്പത്തിക അവസരങ്ങൾ തുറക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlight: India-Dubai expand economic cooperation




































