(gcc.truevisionnews.com) അപകടകാരികളായി തരംതിരിച്ചിരിക്കുന്ന ജീവികളെയും ജീവിവർഗങ്ങളെയും കൈവശം വച്ചിരിക്കുന്ന എല്ലാ വ്യക്തികളും രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം. ഏപ്രിൽ 22ന് മുമ്പായി വെബ്‌സൈറ്റ് വഴിയോ നിയുക്ത ഇമെയിൽ വഴിയോ അവയെ രജിസ്റ്റർ ചെയ്യണമെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും അറിയിച്ചു.
പൊതു സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ലൈസൻസില്ലാതെ ഇത്തരം ജീവിവർഗങ്ങളെ കൈവശം വയ്ക്കുന്നത് 2019 ലെ നിയമം (10) ന്റെ വ്യക്തമായ ലംഘനമാണെന്നും മൂന്ന് വർഷം വരെ തടവോ 100,000 ഖത്തർ റിയാൽ കവിയാത്ത പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണെന്നും മന്ത്രാലയം പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.
നിയമലംഘനം മൂലം ഒരു വ്യക്തിയുടെ മരണത്തിനോ സ്ഥിരമായ അംഗവൈകല്യത്തിനോ കാരണമായാൽ 25 വർഷം വരെ കഠിന തടവും നിയമം വ്യവസ്ഥ ചെയ്യുന്നു. അപകടകാരികളായ ജീവികളെയും ജീവിവർഗങ്ങളെയും പട്ടികപ്പെടുത്തുന്നതിനുള്ള സമഗ്രമായ സർവേ, ദേശീയ നിയമനിർമ്മാണത്തിന്റെയും അന്താരാഷ്ട്ര കരാറുകൾ പ്രകാരമുള്ള ഖത്തറിന്റെ ഉത്തരവാദിത്തങ്ങൾ നടപ്പിലാക്കുന്നതിന്റെയും ഭാഗമാണെന്ന് മന്ത്രാലയത്തിലെ വന്യജീവി വകുപ്പ് മേധാവി ഡോ. ഡാഫി നാസർ ഹൈദാൻ പറഞ്ഞു.
കടുവകൾ, സിംഹങ്ങൾ, റോട്ട്‌വീലറുകൾ, ഡോബർമാൻസ് പോലുള്ള ചില നായ ഇനങ്ങൾ, ബാബൂണുകൾ, കുരങ്ങുകൾ, പ്രൈമേറ്റുകൾ തുടങ്ങി 48 ഇനം ജീവികളാണ് അപകടകാരിയായ ജീവികളുടെ പട്ടികയിൽ ഉൾപ്പെടുന്നത്.
#dangerous #pets #Qatar #register #immediately #warning #severe #punishment #violatinglaw