ദുബായ്: (gcc.truevisionnews.com) പരിസ്ഥിതി സൗഹൃദ ഹൈടെക് ഇലക്ട്രിക് ബസ് ഓടിച്ച് ദുബായ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പവർ ബസ് ആണ് ദുബായിൽ പരീക്ഷണയോട്ടം ആരംഭിച്ചത്. 76 പേർക്ക് ഇരുന്നും 35 പേർക്ക് നിന്നും യാത്ര ചെയ്യാം.
2050നകം സമ്പൂർണ കാർബൺ രഹിത പൊതുഗതാഗത സംവിധാനം എന്ന കാഴ്ചപ്പാടിലേക്കുള്ള പ്രധാന ചുവടുവയ്പാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നടത്തിയത്. ബുർജ് ഖലീഫ, പാലസ് ഡൗൺടൗൺ ഹോട്ടൽ, ദുബായ് ഫൗണ്ടൻ, ദുബായ് മാൾ മെട്രോ ബസ് സ്റ്റോപ് (സൗത്ത്) എന്നിവയെ അൽഖൂസ് ബസ് ഡിപ്പോയുമായി ബന്ധിപ്പിക്കുന്ന റൂട്ട് എഫ് 13ലാണ് ഇ– ബസ് സർവീസ് നടത്തുന്നത്.
ദുബായുടെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന തരത്തിൽ വോൾവോ കമ്പനി പ്രത്യേകം രൂപകൽപന ചെയ്ത ബസിന് 12 മീറ്റർ നീളമുണ്ട്. 470 കിലോവാട്ട് ബാറ്ററി ശേഷിയുള്ള ബസ് ഒരു തവണ ചാർജ് ചെയ്താൽ 370 കിലോമീറ്റർ വരെ ഓടിക്കാനാകും.
ഹൈടെക് സൗകര്യങ്ങൾ
പരമ്പരാഗത കണ്ണാടികൾക്ക് പകരം ഹൈഡെഫനിഷൻ ക്യാമറകളും സ്ക്രീനുകളും, നിർണായക ഡ്രൈവിങ് ഡേറ്റ വിൻഡ്ഷീൽഡിലേക്ക് പ്രൊജക്ട് ചെയ്യുന്ന സുതാര്യമായ ഹെഡ്–അപ് ഡിസ്പ്ലേ, കടുത്ത താപനിലയ്ക്ക് അനുയോജ്യമായ ഉയർന്ന ശേഷിയുള്ള എയർ കണ്ടിഷനിങ് സംവിധാനം എന്നിവ ബസിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഏറ്റവും തിരക്കേറിയ റൂട്ടിൽ പരീക്ഷണയോട്ടം നടത്തുന്നത് ഇലക്ട്രിക് ബസ് പദ്ധതി വിലയിരുത്താൻ സഹായകരമാകുമെന്ന് പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസിയിലെ ബസ് ഡയറക്ടർ മർവാൻ അൽ സറൂണി പറഞ്ഞു.
കാർബൺ പുറന്തള്ളൽ, ബാറ്ററി ശേഷി, വ്യത്യസ്ത കാലാവസ്ഥകളിലെ പ്രകടനം എന്നിവ വിലയിരുത്തി വിജയകരമാണെന്ന് തെളിഞ്ഞാൽ ഇ– ബസ് കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദുബായുടെ ഗതാഗത ശൃംഖലയിൽ സ്മാർട്ട്, ഹരിത സംവിധാനം കൊണ്ടുവരുന്നതിന്റെ ഭാഗമായാണു ബസ് റൂട്ടുകളിലും ഹരിതവൽക്കരണ പദ്ധതി നടപ്പാക്കുന്നത്. ദുബായിലെ ടാക്സികളും പരിസ്ഥിതി സൗഹൃദമാക്കുകയാണ്. അടുത്ത വർഷം സ്വയം നിയന്ത്രിത വാഹനങ്ങൾ നിരത്തിലിറങ്ങുന്നതിനൊപ്പം എയർ ടാക്സികളും രംഗത്തിറക്കാനാണ് ആർടിഎയുടെ പദ്ധതി.
#Ecofriendlypublictransport #AIelectricbus #Testrun #Dubai