അബുദാബി : (gcc.truevisionnews.com) യുഎഇയിൽ ഇന്നലെ പൊടിപൂരം. മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശിയത്. ഇതോടെ ദൃശ്യപരിധി ഗണ്യമായി കുറഞ്ഞത് ഗതാഗതം ദുഷ്ക്കരമാക്കി.
ചൊവ്വാഴ്ച രാത്രി അബുദാബിയിൽനിന്ന് ആരംഭിച്ച പൊടിക്കാറ്റ് ഇന്നലെ ദുബായ്, ഷാർജ, അൽഐൻ, അൽദഫ്ര തുടങ്ങി യുഎഇയുടെ ഇതര ഭാഗങ്ങളെ പൊടിയിൽ നിറച്ചു. രാവിലെ ജോലിക്കു പോയവർ മണിക്കൂറുകൾ എടുത്താണ് ഓഫിസുകളിലെത്തിയത്.
വിവിധ സ്ഥലങ്ങളിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ഇന്നും പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച 100 മീറ്റർ വരെ കുറയാൻ സാധ്യതയുണ്ട്. വാഹനമോടിക്കുന്നതിനിടെ ഫോൺ ഉപയോഗിക്കുന്നതിനും ചിത്രവും ദൃശ്യവും പകർത്തുന്നതിനും വിലക്കുണ്ട്.
പൊടിനിറഞ്ഞ അന്തരീക്ഷത്തിൽ രാജ്യമെങ്ങും യെലൊ അലർട്ടും ചിലയിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു. ഔട്ഡോർ പരിപാടികൾ വിവിധ സ്കൂളുകൾ റദ്ദാക്കി. ദുബായിലും അബുദാബിയിലും താപനില അൽപം കുറഞ്ഞു. യുഎഇയിൽ ഇന്നലെ അനുഭവപ്പെട്ട കുറഞ്ഞ താപനില 22 ഡിഗ്രിയും കൂടിയ താപനില 37 ഡിഗ്രി സെൽഷ്യസുമാണ്.
#UAE #engulfed #duststorm #Traffic #disrupted #drivers #urged #cautious