മക്ക: (gcc.truevisionnews.com) ഉംറ തീർഥാടനത്തിനെത്തി മക്കയിൽ കാണാതായ മലയാളി തീർഥാടകനു വേണ്ടി അന്വേഷണം ഊർജിതമാക്കി സാമൂഹിക പ്രവർത്തകർ. നാട്ടിൽ നിന്നുമെത്തിയ കോഴിക്കോട്, കുണ്ടുങ്ങൽ സ്വദേശി അബ്ദുൽ അസീസ് (68) നെയാണ് കഴിഞ്ഞ 28 മുതൽ കാണാതായത്.
മക്കയിൽ നിന്നും അവസാനമായി കഴിഞ്ഞ മാർച്ച് 28നാണ് ഫോണിൽ വിളിച്ചതെന്നും ഹറമിനകത്ത് മതാഫിൽ (പ്രദക്ഷിണ വീഥി) ആണെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ബന്ധുക്കൾ അറിയിച്ചു.
പിന്നീട് വീടുമായി ബന്ധപ്പെട്ടിട്ടില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭ്യമാകുന്നില്ലെന്നുംബന്ധുക്കൾ പറഞ്ഞു പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും ആരോഗ്യപ്രശ്നങ്ങൾ മൂലം മരുന്ന് കഴിക്കുന്നുണ്ടായിരുന്നു.
മക്കയിൽ ഇബ്രാഹിം ഖലീൽ റോഡിൽ ആണ് താമസമെന്നുമുള്ള വിവരങ്ങൾ വീട്ടിൽ അറിയിച്ചിരുന്നു. മക്കയിലെ കെഎംസിസി നേതാവും സാമൂഹിക,പ്രവർത്തകനുമായ മൂജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർ സാധ്യമായ രീതിയിൽ വ്യാപകമായി തിരച്ചിൽ തുടരുന്നുണ്ട്.
പൊലീസിന്റെയും ഒപ്പം ഹറമിൽ വഴിതെറ്റിപ്പോകുന്നവരെ കണ്ടെത്താൻ സഹായിക്കുന്ന ഗ്രാൻഡ് മസ്ജിദിലെ സേവനവിഭാഗത്തിന്റെ സഹായവും തേടിയിരുന്നു. മക്കയിലും പരിസരങ്ങളിലും ആശുപത്രികളിലുമൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
വാർത്താ ഏജൻസികളിലൂടെയും, സാമൂഹികമാധ്യമങ്ങളിലൂടെയും സാമൂഹിക സംഘടനകളുടെ വാട്സ്ആപ്പ്ഗ്രൂപ്പുകളിലുടേയും വിവരം കൈമാറിയുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
കണ്ടെത്തുകയോ എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്യുന്നവർ ബന്ധപ്പെടണമെന്ന് തിരച്ചിലിന് നേതൃത്വം നൽകുന്ന മുജീബ് പൂക്കോട്ടൂരും ബന്ധുക്കളും അഭ്യർഥിച്ചു. +966502336683(മുജീബ് പൂക്കോട്ടൂർ, സൗദി), +91 7736539718 (ഇന്ത്യ), +965 95583993 (കുവൈത്ത്), +971 553176778 (യുഎഇ).
#Search #intensifies #Kozhikode #native #who #arrived #Umrah #pilgrimage #missing #days