മനാമ: ബഹ്റൈനിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ട്രാൻസ്പോർട്ടേഷൻ ആൻഡ് ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയത്തിന്റെ കാലാവസ്ഥ വിഭാഗം അറിയിച്ചു.
മഴയെ തുടർന്ന് വിവിധ വകുപ്പുകളുടെയും മന്ത്രാലയങ്ങളുടെയും ഏകോപനത്തിൽ മുൻ കരുതൽ നടപടികൾ സ്വീകരിച്ചുവരുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചിരുന്നു. റോഡ് യാത്രക്കാരും കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രാജ്യത്ത് കനത്ത മഴയുടെ സാഹചര്യമായതിനാൽ റോഡിലൂടെ വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലവും വേഗ പരിധിയും പാലിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
താമസയിടങ്ങളിലെ ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ സുരക്ഷയും വീടുകളിൽ സ്ഥാപിച്ചിരിക്കുന്ന സുരക്ഷാ സംവിധാനങ്ങളുടെ ശേഷിയും ഉറപ്പാക്കണമെന്നും ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി അധികൃതർ താമസക്കാരോട് ആവശ്യപ്പെട്ടു.
വൈദ്യുതാഘാതം ഏൽക്കാതിരിക്കാൻ തെരുവുവിളക്കുകളുടെ തൂണുകളിൽ തൊടരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴയിൽ റോഡുകളിൽ ഉണ്ടാകുന്ന വെള്ളക്കെട്ട് കൈകാര്യം ചെയ്യുന്നതിനും ഗതാഗത തടസ്സങ്ങൾ ഉണ്ടാകാതിരിക്കാനും വേണ്ട നടപടികൾ സ്വീകരിച്ചിട്ടുള്ളതായി മുനിസിപ്പാലിറ്റി കാര്യ മന്ത്രാലയം അറിയിച്ചു.
ഡ്രെയിനേജ് സംവിധാനം വൃത്തിയാക്കുന്നതുൾപ്പെടെയുള്ള എല്ലാ പതിവ് അറ്റകുറ്റപ്പണികളും നടത്തിവരുന്നതായും അധികൃതർ വ്യക്തമാക്കി. പ്രധാന റോഡുകളിലും ഉൾറോഡുകളിലും മഴവെള്ളം കെട്ടിക്കിടക്കുന്നുണ്ടെങ്കിൽ 17545544, 80008188 എന്നീ നമ്പറുകളിൽ വിളിച്ച് അറിയിക്കണമെന്ന് താമസക്കാരോട് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.
#Weather #warning #Bahrain #rain #with #thunderstorms #strong #winds #continue