മനാമ: (gcc.truevisionnews.com) കടയിൽനിന്ന് സാധനം വാങ്ങി പണം നൽകാതെ പോയത് ചോദ്യം ചെയ്തതിനെത്തുടർന്ന് മർദനമേറ്റ് കോഴിക്കോട് സ്വദേശി മരിച്ച സംഭവത്തിൽ പ്രതിയുടെ ശിക്ഷ സുപ്രീം ക്രിമിനൽ അപ്പീൽ കോടതി ശരിവെച്ചു.
ശിക്ഷാവിധി ഭേദഗതി ചെയ്യാൻ ഒരു കാരണവുമില്ലെന്ന് സുപ്രീം ക്രിമിനൽ അപ്പീൽ കോടതി വിധിന്യായത്തിൽ പറഞ്ഞു. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഹൈ ക്രിമിനൽ കോടതി 25 വർഷത്തെ തടവുശിക്ഷയാണ് വിധിച്ചത്.
ഇത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയാണ് മേൽകോടതി തള്ളിയത്. കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം.
പരിക്കേറ്റ് ബി.ഡി.എഫ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ കക്കോടി ചെറിയകുളം സ്വദേശി കോയമ്പ്രത്ത് ബഷീറാണ് (58) മരിച്ചത്. ബോധരഹിതനായ നിലയിലാണ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.
റിഫ ഹാജിയത്തിൽ 25 വർഷത്തോളം കോൾഡ് സ്റ്റോർ നടത്തി വരികയായിരുന്ന ബഷീറിനെ മർദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കടയിൽനിന്ന് സാധനങ്ങൾ പണം നൽകാതെ എടുത്തുകൊണ്ടുപോയത് ചോദ്യം ചെയ്തപ്പോഴാണ് മർദനമേറ്റത്.
പ്രതി മർദിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രതിക്കെതിരെ സമാനമായ മൂന്ന് കേസുകൾ നിലവിലുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
#Kozhikode #native #beaten #death #Accused #sentenced